സി പി എം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയിൽ; തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനെന്ന് പൊലീസ്

Saturday 31 October 2020 2:53 PM IST

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പൊല്ലാപ്പുകൾ തീരും മുമ്പേ കഞ്ചാവ് കേസിൽ സി പി എമ്മിന്റെ പ്രാദേശിക നേതാവ് അറസ്‌റ്റിൽ. തിരുവനന്തപുരത്താണ് സി പി എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കഞ്ചാവുമായി പിടിയിലായത്. പാറശാല ചെങ്കവിള സ്വദേശി വിഷ്‌ണുവിനെയാണ് തമിഴ്‌നാട് അതിർത്തിയിൽ പൊലീസ് പിടികൂടിയത്.

ഇയാളുടെ കൈയിൽ ഒരു കിലോഗ്രാം കഞ്ചാവുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വരും വഴിയാണ് വിഷ്‌ണുവിനെ പിടികൂടിയത്. തുടർന്ന് വീട്ടിൽ പരിശോധന നടത്തി വിൽപ്പ‌നയ്‌ക്ക് വച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.