മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ,​ സ്വാമി വിശുദ്ധാനന്ദയ്ക്കും കെ.ജി.ജയനും പത്മശ്രീ

Friday 25 January 2019 9:47 PM IST

ന്യൂഡൽഹി: 2019ലെ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഛത്തിസ്ഗഢിലെ നാടോടി സംഗീതജ്ഞ തീജൻ ബായി,​ ആഫ്രിക്കൻ രാജ്യമായ ദിബുട്ടിയുടെ പ്രസിഡന്റ് ഇസ്മായിൽ ഒമർ ഗുല്ല,​ എൽ ആൻഡ് ടി ചെയർമാൻ അനിൽകുമാർ മണിഭായി നായിക്,​ മഹാരാഷ്ട്രയിലെ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ബൽവന്ദ് മൊറോഷ്‌വർ പുരന്ദെ എന്നിവർ പദ്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായി.

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനും ശാസ്ത്രജ്ഞൻ നമ്പിനാരായണനും ഈ വർഷത്തെ പദ്മഭൂഷൺ പുരസ്കാരങ്ങൾ. അന്തരിച്ച പത്രപ്രവർത്തകൻ കുൽദീപ് നയ്യാർക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ നൽകും. ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകൻ കെ.ജി. ജയനും പദ്മശ്രീ പുരസ്കാരം നൽകും. പുരാവസ്തു ശാസ്ത്രജ്ഞൻ കെ.കെ. മുഹമ്മദാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി. നടനും നർത്തകനുമായ പ്രഭുദേവയും പദ്മശ്രീ പുരസ്കാരത്തിന് അർഹനായി.

സിനിമാജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിൽ ഏറെ ഊർജ്ജം നൽകുന്നതാണ് പുരസ്കാരമെന്ന് മോഹൻലാൽ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ താൻ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് പുരസ്കാരമെന്ന് നമ്പി നാരായണൻ പ്രതികരിച്ചു.