രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ നീട്ടി

Friday 06 November 2020 12:57 PM IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് രണ്ടാഴ‌ചത്തേക്ക് പരോൾ നീട്ടിയത്. ഈ മാസം 23 വരെയാണ് പരോൾ. നേരത്തെ ഒരു മാസത്തെ പരോൾ അനുവദിച്ചതിനെ തുടർന്ന് പേരറിവാളൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് ഇപ്പോൾ കോടതി രണ്ടാഴ്ച കൂടി പരോൾ നീട്ടി നൽകിയത്.

പേരറിവാളന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ അർപുതമ്മാൾ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി. ഒരു മാസത്തേക്ക് കൂടി പരോൾ നീട്ടണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, കൃഷ്‌ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് നവംബർ 23 വരെ പരോൾ നീട്ടി ഉത്തരവിട്ടത്.