'തിരൂർക്കാരെ പഠിപ്പിക്കാൻ വരണ്ട': അധിക്ഷേപപരമായ പരാമർശവുമായി വി. അബ്ദുറഹ്മാൻ എം.എൽ.എ, പിന്നാലെ വിവാദം

Friday 06 November 2020 7:26 PM IST

മലപ്പുറം: ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ തിരൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ വിവാദത്തിൽ. താനൂർ എം.എൽ.എ സി. മമ്മൂട്ടി നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ഗോത്രക്കാരില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ടന്നും എം.എൽ.എയുടെ പരാമർശം.

മുസ്ലിം ലീഗ് എം.എൽ.എ സി. മമ്മൂട്ടിയുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനായി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സ്വതന്ത്ര എം.എൽ.എ ആയ അബ്ദുറഹ്മാൻ ഈ പരാമർശം നടത്തിയത്. പരാമര്‍ശത്തിന് എതിരെ സി മമ്മൂട്ടി എം.എല്‍.എ രംഗത്തെത്തിയിട്ടുണ്ട്.

ഒരു ജനവിഭാഗത്തെ ഒന്നടങ്കം ആധിക്ഷേപിക്കുന്ന പരാമര്‍ശമാണ് തിരൂർ എം.എല്‍.എ നടത്തിയതെന്നും ഇത് സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേർത്തു. വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തിൽ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധമറിയിക്കുകയും അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്തു. എം.എൽ.എ വി. അബ്ദുറഹ്മാൻ തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.