ട്രഷറി തട്ടിപ്പ്; പൊലീസ് ശുപാർശ തളളി, വിജിലൻസ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ

Monday 09 November 2020 9:03 AM IST

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം. കേസ് വിജിലൻസിന് കൈമാറണമെന്ന പൊലീസ് ശുപാർശയാണ് സർക്കാർ തളളിയത്. വിജിലൻസ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചു.

ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സർക്കാർ. സോഫ്‌റ്റുവെയറിലെ തകരാർ ഉൾപ്പടെ ഉന്നതങ്ങളിലേക്ക് കേസ് നീങ്ങാൻ സാദ്ധ്യതയുളളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്നാണ് ആരോപണം.

നേരത്തെ കേസിലെ പ്രതിയായ ബിജുലാലിന് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു. ട്രഷറിയിൽ നിന്ന് 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനെതുടർന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. വഞ്ചിയൂർ സബ് ട്രഷറിയിൽ ജോലി ചെയ്യുമ്പോഴാണ് സോഫ്‌റ്റുവെയറിലെ പിഴവുകൾ മുതലാക്കി ബിജുലാൽ കോടികൾ തട്ടിയത്.