കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

Monday 09 November 2020 11:33 AM IST

കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി കെ.വി ജയകുമാറാണ് വിജിലൻസ് എസ്.പിയോട് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശിച്ചത്. അഡ്വ.എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് നടപടി.

അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴി ഇന്ന് എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തും. ഷാജിയുടെ ഭാര്യ ആശ കോഴിക്കോടുള‌ള ഇ.ഡി ഓഫീസിൽ ഹാജരായി. കണ്ണൂർ അഴിക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നുള‌ള കേസിന്റെ ഭാഗമായാണ് വരവിൽ കവിഞ്ഞ സ്വത്തുണ്ടോ എന്ന് ഇ.ഡിയുടെ പരിശോധന. ഇതിന്റെ ഭാഗമായാണ് ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നത്.

എൻഫോഴ്‌സ്‌മെന്റിന് ഷാജി നൽകിയ സ്വത്ത് വിവരത്തിന്റെ ഭാഗമായി കണ്ണൂരെയും കോഴിക്കോട്ടെയും അദ്ദേഹത്തിന്റെ വീടുകൾ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിൽ കോഴിക്കോടുള‌ള വീട്ടിൽ അനധികൃത നിർമ്മാണമുണ്ടെന്ന് കോർപറേഷൻ കണ്ടെത്തിയിട്ടുണ്ട്. 2012ൽ ഭാര്യയുടെ പേരിൽ വാങ്ങിയ കണ്ണൂരെ വീടിന് ഏഴ് ലക്ഷവും സ്ഥലത്തിന് പത്ത് ലക്ഷവുമുണ്ടെന്ന് കണക്കാക്കിയിരുന്നു. പ്ളസ്‌ടു കോഴ കേസിൽ ലീഗ് നേതാവും പി.എസ്.സി മുൻ അംഗവുമായ ടി.ടി ഇസ്‌മായിലിനെ എൻഫോഴ്‌സ്‌മെന്റ് മുൻപ് ചോദ്യം ചെയ്‌തിരുന്നു. ആറ് മണിക്കൂർ നീണ്ട അന്നത്തെ ചോദ്യം ചെയ്യലിൽ മൂന്ന് പേർ ചേർന്നാണ് ഷാജിയുടെ വേങ്ങേരിയിലെ ഭൂമി വാങ്ങിയതെന്നും ഇവിടെ വീട് നിർമ്മിച്ചത് ഷാജിയാണെന്നും ഇസ്‌മായിൽ മൊഴി നൽകിയിരുന്നു.