പോസ്‌റ്റ് ഓഫീസുകളും ധനകാര്യസ്ഥാപനങ്ങളും കൊളളയടിക്കാൻ പദ്ധതിയിട്ടു, കടൽ കടന്നെത്തിയ തസ്‌കരസംഘത്തെ പൂട്ടാൻ സഹായിച്ചത് ഹോട്ടലുകാർക്ക് തോന്നിയ ഒരുസംശയം
തിരുവനന്തപുരം: രാജ്യാന്തര കുറ്റവാളികളായ ഇറാനിയൻ പൗരന്മാർ തിരുവനന്തപുരത്ത് അറസ്റ്റിലായത് ഹോട്ടലുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നെന്ന് പൊലീസ്. ജനുവരി 20 മുതൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ക്യാമ്പ് ചെയ്‌ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മോഷണം നടത്തിയ സംഘത്തെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കേരളത്തിൽ വലിയ കൊളള നടത്താൻ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് സൂചന. മണി എക്‌സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുകളും കൊളളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. നാൽവർ സംഘത്തിന്റെ വിസയിൽ സംശയം തോന്നിയാണ് ഹോട്ടലുകാർ പൊലീസിനെ വിളിച്ച് കാര്യം അറിയിക്കുന്നത്. ഇങ്ങനെയൊരു സംഘം ഉണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
കടകളിൽ കയറിയ ശേഷം ഉടമസ്ഥന്റെ ശ്രദ്ധ തിരിച്ച് പണവുമായി മുങ്ങുകയാണ് നാൽവർ സംഘത്തിന്റെ മോഷണ തന്ത്രം. തിരുവനന്തപുരത്തേക്ക് വരുന്ന വഴി ചേർത്തലയിലെ ഒരു കടയിൽ കയറിയും സംഘം മോഷണം നടത്തി. തലസ്ഥാനത്ത് വന്ന ശേഷം നാൽവർ സംഘത്തിന് മോഷണം നടത്താൻ സമയം കിട്ടിയില്ലെന്ന് കന്റോൺമെന്റ് സി ഐ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
ബുധനാഴ്‌ച വെളുപ്പിന് ഒരു മണിയ്‌ക്ക് ഹോട്ടലിൽ മുറിയെടുത്ത സംഘം ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പൊലീസ് പിടിയിലാകുന്നത്. വൈകുന്നേരത്തോടെ ചേർത്തല പൊലീസെത്തി നാലു പേരെയും കൊണ്ടുപോയി. കൈയിൽ നിന്ന് അമ്പതിനായിരം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യയ്‌ക്കകത്ത് ഡൽഹി മുതൽ കേരളം വരെ മോഷണം നടത്തിയ ഇവർ മ്യാൻമാർ, നേപ്പാൾ എന്നീ രാജ്യങ്ങളിലും കവർച്ച നടത്തി. ചേർത്തലയിലെ കടയിൽ നിന്ന് 35,000 രൂപയാണ് ഇറാനിയൻ പൗരന്മാർ മോഷ്‌ടിച്ചത്.