പ്രതിപക്ഷ നേതാക്കളെ പോലും 'അങ്കിളേ' വിളി കൊണ്ട് അടുപ്പിച്ച് നിർത്തിയ ബിനീഷ്; ഒടുവിൽ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ അടി പതറി മകനും അച്ഛനും

Saturday 14 November 2020 4:43 PM IST

തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടായി വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോഴും ബിനീഷ് കോടിയേരി പലർക്കും പ്രിയപ്പെട്ടവനായിരുന്നു. വിവിധ കക്ഷികളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾ, സിനിമ, ക്രിക്കറ്റ് തുടങ്ങി ബിനീഷിന്റെ സൗഹൃദവലയം വളരെ വലുതായിരുന്നു. വിമർശിക്കുമ്പോഴും നിരനിരയായി ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും പ്രതിപക്ഷ നേതാക്കളെപ്പോലും ‘അങ്കിളേ’ വിളികൊണ്ട് അടുപ്പിച്ചു നിർത്തിയിരുന്ന ബിനീഷിനെ പൂട്ടാൻ കേരളത്തിന് പുറത്ത് അന്വേഷണ ഏജൻസികളുണ്ടായി എന്നതാണ് യാഥാർത്ഥ്യം.

മക്കൾക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുമ്പോഴും അതെല്ലാം ഒതുക്കി നിർത്താനും പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി ഉയരാനും കോടിയേരി എന്നും ശ്രദ്ധിച്ചിരുന്നു. എന്നാൽ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ എല്ലാ അടവുകളും പിഴയ്‌ക്കുകയായിരുന്നു. അവസാന നിമിഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.

മക്കൾ തലകുനിപ്പിച്ചു

2006ലെ വി എസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും, പിന്നീട് സി പി എം സംസ്ഥാന സെക്രട്ടറിയായും സംഘാടകമികവ് കാട്ടിയ കോടിയേരിയെ പൊതുസമൂഹത്തിന് മുന്നിൽ തല കുനിപ്പിച്ച് നിറുത്തിയത് മക്കളുടെ ചെയ്തികളെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിലൊരാളായിരുന്നു അദ്ദഹേം. എന്നാൽ കുടുംബത്തെയും മക്കളെയും നിലയ്ക്കുനിറുത്താനാവാത്ത ഒരാളെങ്ങനെ പാർട്ടിയെയും സമൂഹത്തെയും നന്നാക്കുമെന്ന അടക്കം പറച്ചിലുകൾ സി പി എമ്മിൽ ഇപ്പോൾ ശക്തമാണ്.

സി പി എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ മുതൽ കോടിയേരിയെ തളർത്തിയത് മക്കൾ വിവാദങ്ങളായിരുന്നു. 2018ലാണ് മൂത്തമകൻ ബിനോയിക്കെതിരെ ദുബായിൽ സാമ്പത്തികത്തട്ടിപ്പ് കേസുണ്ടായത്. ആഡംബര കാർ വാങ്ങാൻ 53.61ലക്ഷവും മറ്റ് വ്യാപാരാവശ്യങ്ങൾക്ക് 7.7കോടിയും ബിനോയിക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് നൽകിയെന്ന് കാട്ടിയായിരുന്നു പരാതി. 2016 ജൂൺ ഒന്നിന് മുമ്പ് പണം തിരിച്ചുനൽകുമെന്ന ഉറപ്പ് തെറ്റിച്ചെന്ന് ദുബായിലെ ജാസ് കമ്പനി പരാതിപ്പെട്ടു. കമ്പനിയുടമ ഇസ്മായിൽ അബ്ദുള്ള അൽ മർസുഖി കേരളത്തിലെത്തി. ബിനോയിക്ക് ദുബായിൽ നിന്ന് പുറത്തേക്ക് യാത്രാവിലക്കുണ്ടായി. പാസ്പോർട്ട് പിടിച്ചുവച്ചു.

2019ൽ ബിനോയ് വീണ്ടും കോടിയേരിക്ക് തലവേദന സൃഷ്ടിച്ചത് സ്ത്രീവിഷയത്തിലൂടെ. പീഡനപരാതിയുമായി രംഗത്തെത്തിയത് ബീഹാർ സ്വദേശിനി. ബന്ധത്തിലൊരു മകനുണ്ടെന്നും ബിനോയ് ചെലവിന് നൽകുന്നില്ലെന്നുമായിരുന്നു മുംബയ് പൊലീസിന് ലഭിച്ച പരാതി. ബിനോയിയുമൊത്തുള്ള ചിത്രങ്ങൾ യുവതി പുറത്തുവിട്ടു. ആരോപണം ബിനോയ് നിഷേധിച്ചെങ്കിലും കേസ് ഡി.എൻ.എ പരിശോധനയ്ക്ക് വിട്ടു. .ബിനോയിക്കെതിരെ രണ്ടാമത്തെ കേസുണ്ടായപ്പോൾ ആരോഗ്യപരമായും കോടിയേരി ക്ഷീണിതനായിരുന്നു. സെക്രട്ടറി സ്ഥാനമൊഴിയാൻ അന്നദ്ദേഹം സന്നദ്ധനായപ്പോൾ പിടിച്ചുനിറുത്തിയത് പാർട്ടി.

വിവാദങ്ങളുടെ തോഴനാണ് രണ്ടാമത്തെ മകൻ ബിനീഷ് . സർക്കാർ അധികാരമേറ്റയുടൻ കോടിയേരിക്കും പാർട്ടിക്കും പേരുദോഷമുണ്ടാക്കരുതെന്ന കർശന താക്കീത് ബിനീഷിന് മുഖ്യമന്ത്രി നൽകിയതായി പ്രചാരണമുണ്ടായി. പക്ഷേ വിവാദം തുടർന്നു. ഏറ്റവുമൊടുവിൽ, ബിനീഷിന്റെ അറസ്റ്റ് കോടിയേരിയെ വല്ലാതെ പ്രതിരോധത്തിലാക്കി.കടുത്ത പ്രമേഹരോഗിയായ കോടിയേരിയെ അതിനിടയിൽ അർബുദം ശാരീരികമായി തളർത്തി. എന്നിട്ടും തളരാതെ പിടിച്ചുനിന്നത് പാർട്ടി സമരമുഖത്തെ പോരാട്ടത്തിന്റെ കരുത്തിൽ. അതിനേയും തോൽപ്പിക്കുന്ന പൊളളലാണ് ഇപ്പോൾ മക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അടി തെറ്റിയാൽ കോടിയേരിയും

മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെടാതെയും മന്ത്രിയായിരുന്നപ്പോൾ അഴിമതിയാരോപണങ്ങൾക്ക് ഇടനൽകാതെയും ഭാവി മുഖ്യമന്ത്രിപദത്തിലേക്കുളള യാത്രയ്ക്കിടെയാണ് കോടിയേരിക്ക് വൻ വീഴ്‌ച സംഭവിക്കുന്നത്. വെല്ലുവിളികളെ പുഞ്ചിരിയോടെ ഏറ്റെടുക്കാനുള്ള പാടവം തിരിച്ചറിഞ്ഞ സഹപ്രവർത്തകർക്ക് വഴിയും വഴികാട്ടിയുമായിരുന്നു കോടിയേരി. ആരുമായും എളുപ്പത്തിൽ ഇഴുകിച്ചേരാനും അവരിലൊരാളാവാനും കഴിയുന്ന പൊതുപ്രവർത്തകരിലെ അപൂർവമാതൃക. മകന്റെ പേരിൽ ആരോപണം ഉയർന്നപ്പോഴും തെറ്റുകാരനാണെങ്കിൽ തൂക്കികൊല്ലട്ടേയെന്നു നെഞ്ച് വിരിച്ച് പറയാൻ കഴിഞ്ഞതും ഇതുകൊണ്ടൊക്കെയായിരുന്നു. ആരിലും നീരസമുണ്ടാക്കാതെ എല്ലാവർക്കും സ്നേഹത്തിന്റെ പ്രത്യയശാസ്ത്രം പകർന്നു കൊണ്ടായിരുന്നു ആ രാഷ്ട്രീയ യാത്ര.

1982ൽ തലശേരിയിൽ നിന്നായിരുന്നു നിയമസഭയിലേക്ക് കന്നിയങ്കം. തലശ്ശേരി എം.എൽ.എയായിരുന്ന എം.വി.രാജഗോപാലന്റെ പിന്തുടർച്ചക്കാരനായാണ് നിയമസഭയിലെത്തിയത്. രാജഗോപാലന്റെ മകൾ വിനോദിനി ജീവിത പങ്കാളിയുമായി.1987 ,2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും തലശേരിയുടെ പ്രതിനിധിയായി നിയമസഭയിലെത്തി.1988 ൽ സി പി എം സംസ്ഥാന സമിതിയിലെത്തിയ കോടിയേരിക്ക് 2003 ൽ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ൽ പോളിറ്റ്ബ്യൂറോയിലേക്കും എതിരാളികളില്ലാതെ നടന്നു കയറാൻ കഴിഞ്ഞതും വ്യക്തിത്വ സവിശേഷതകൾ കൊണ്ടായിരുന്നു.

സി പി എമ്മിൽ വിഭാഗീയത കത്തിപ്പടരുമ്പോൾ അവിടെയെല്ലാം മദ്ധ്യസ്ഥന്റെ റോൾ കോടിയേരിക്കായിരുന്നു. പാർട്ടിയിൽ നിന്നു ഒരു വിഭാഗം പുറത്തുപോയി ആ‌ർ എം പി പോലുളള സംഘടനകൾ രൂപീകരിച്ചപ്പോഴും അവരിൽ കുറച്ച് പേരെയെങ്കിലും തിരികെ കൊണ്ടുവരാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. പല ഘട്ടങ്ങളിലും വിഭാഗീയതയുടെ പേരിൽ പിണങ്ങിയകന്ന് കഴിഞ്ഞിരുന്ന മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ ഒപ്പം നിറുത്താൻ കഴിഞ്ഞതും കോടിയേരിയുടെ ഇടപെടൽ കൊണ്ടായിരുന്നു.