'ഒരിക്കൽ പോലും വീടുകയറി വോട്ട് ചോദിക്കില്ല, ചുമരെഴുത്തിനും സമ്മതിക്കില്ല': ഇങ്ങനെ വാശിപിടിച്ച് വമ്പൻ ഭൂരിപക്ഷം നേടി വിജയിച്ച ഒരേയൊരു സ്ഥനാർത്ഥിയേ കേരളത്തിലുള്ളൂ
കൊല്ലം: സ്റ്റേറ്റ് കാറിൽ വന്നിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഇടമുളയ്ക്കലുകാർ മറന്നിട്ടില്ല, ഒരേ സമയം പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായിരുന്ന ആർ. ബാലകൃഷ്ണ പിള്ളയെക്കുറിച്ച് ഇപ്പോഴും പഴമക്കാർ പറയാറുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലമടുത്തപ്പോൾ പഴങ്കഥകൾക്ക് പ്രസക്തിയുമേറി. വാളകം കീഴൂട്ട് വീട് ഉൾപ്പെടുന്നതാണ് കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്ത്. 1963ൽ പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കണമെന്ന് അന്നത്തെ പ്രമാണിമാരടക്കം ആർ. ബാലകൃഷ്ണ പിള്ളയോട് പറഞ്ഞു.
പത്തനാപുരത്ത് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ എം.എൽ.എ ആയി തിളങ്ങുകയാണ് അന്ന് പിള്ള. അടുപ്പമുള്ളവർ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ പിള്ള വച്ച ഡിമാന്റ് ഇങ്ങനെ "ഞാൻ വീടുകയറി വോട്ടു ചോദിക്കില്ല, സ്ളിപ്പ് കൊടുപ്പും ചുമരെഴുതി പ്രചാരണവും വേണ്ട". ഡിമാന്റ് അംഗീകരിച്ചതോടെ മത്സരത്തിനിറങ്ങി. എതിർ സ്ഥാനാർത്ഥിക്ക് ഏഴ് വോട്ട് മാത്രം നൽകി പിള്ള മെഗാഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി. 1960ൽ ഇരുപത്തഞ്ചാം വയസിൽ നിയമസഭാ സാമാജികനായെങ്കിലും പഞ്ചായത്തിലെ വിജയം പിള്ളയ്ക്കും രസിച്ചു. പിന്നെ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും 11 വർഷം കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായി. ഇതിനിടയിലാണ് 1975ൽ സി.അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായത്. മന്ത്രിയായപ്പോൾ ഇടമുളയ്ക്കലുകാർ അപേക്ഷയുമായെത്തി, പ്രസിഡന്റ് സ്ഥാനം ഒഴിയരുത്. പിന്നെ പഞ്ചായത്തിന്റെ ചടങ്ങുകളിലെല്ലാം സ്റ്റേറ്റ് കാറിൽത്തന്നെ അവരുടെ പ്രസിഡന്റുമന്ത്രിയെത്തി.
മന്ത്രിയാകുംമുൻപ് 1971ൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരേ സമയം രണ്ടു തലങ്ങളിൽ പദവികൾ വഹിക്കാൻ കഴിയില്ലെന്ന നിയമം 2001 ൽ വന്നതോടെയാണ് അദ്ദേഹം വിട്ടുനിന്നത്. ഈ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നില്ല ഇക്കുറി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ആർ. ബാലകൃഷ്ണപിള്ളയുടെ പ്രസംഗമില്ല. പിള്ള പ്രസംഗത്തിനുണ്ടെങ്കിൽ പാർട്ടിക്കാർ മാത്രമല്ല എതിർപാർട്ടിക്കാരും കേൾവിക്കാരായി വലിയ ആൾക്കൂട്ടമുണ്ടാകും. എരിവും പുളിയും കുറിക്കുകൊള്ളുന്ന വാക്കുകളുമായി പിള്ള കത്തിക്കയറുമ്പോൾ പലപ്പോഴും കേൾവിക്കാർ ചിരിച്ചു മണ്ണു കപ്പും. എന്നാൽ, ഇത്തവണ ആ പിള്ളവാക്കുകൾ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കേൾക്കില്ല. പൊതുപ്രവർത്തന രംഗത്ത് ഇറങ്ങിയ ശേഷം ആദ്യമായാണ് പിള്ള പ്രസംഗ വേദിയിൽ നിന്ന് അകലം പാലിക്കുന്നത്. വാർദ്ധക്യത്തിന്റെയും രോഗത്തിന്റെയും അവശതകൾക്കൊപ്പം കൊവിഡ് പശ്ചാത്തലവുമുള്ളതിനാലാണ് പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. അപ്പോഴും പിള്ളയുടെ ഫോണിന് വിശ്രമമില്ല. വീട്ടിലാണെങ്കിലും രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും പാർട്ടിയുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുമൊക്കെയായി പിള്ള സജീവമായുണ്ട്.