ലോകത്തിലെ 10 നല്ല നടന്മാരിൽ ഒരാൾ മമ്മൂട്ടിയാണ്, മോഹൻലാൽ അങ്ങനെയാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ദേവൻ

Monday 16 November 2020 4:59 PM IST

ലോകത്തിലെ പത്ത് മികച്ച നടന്മാരെ തിരഞ്ഞെടുത്താൽ അതിൽ ഒരാൾ മമ്മൂട്ടിയാണെന്ന അഭിപ്രായക്കാരനാണ് താൻ എന്ന് നടൻ ദേവൻ. എന്നാൽ മോഹൻലാൽ ആ ലിസ്‌റ്റിൽ വരില്ലെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവൻ വ്യക്തമാക്കി. മമ്മൂട്ടിയുടെ ലെവലിൽ മോഹൻലാലുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ദേവൻ പറയുന്നു. മമ്മൂട്ടിയാണോ മോഹൻലാൽ ആണോ നല്ല നടനെന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്‌ടമാണെന്നും ദേവൻ കൂട്ടിച്ചേർത്തു.

താൻ പെർഫോം ചെയ്യുന്നത് കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും ടെൻഷൻ ആകാറുണ്ടെന്നും, ഇക്കാര്യം മമ്മൂട്ടിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തിൽ ദേവൻ വെളിപ്പെടുത്തി. തന്നെ എതിർക്കുന്ന ഒരു വില്ലൻ അപ്പുറത്ത് വന്നാൽ ഫാൻസിന് അത് ഇഷ്‌ടപ്പെടില്ല എന്ന തെറ്റിദ്ധാരണയാണ് സൂപ്പർ സ്‌റ്റാറുകൾക്ക്. കലാപരമായ വിജയങ്ങളല്ല താരങ്ങൾ നോക്കുന്നതെന്നും ദേവൻ കൂട്ടിച്ചേർത്തു.

അതേസമയം, നവകേരള പീപ്പിൾസ് പാർട്ടി എന്ന തന്റെ രാഷ്‌ട്രീയ പാർട്ടിയുമായി മുന്നോട്ടുപോകുമെന്നും, വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കുമെന്നും ദേവൻ വ്യക്തമാക്കി.