പഠനം ഓൺലൈനായതിനാൽ കുട്ടികൾ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നില്ല; എങ്കിലും ഒളിച്ചോട്ടവും പീഡനവും കൂടുന്നു: വില്ലനെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
കോട്ടയം: ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയതോടെ ജില്ലയിൽ ഒളിച്ചോട്ടവും പോക്‌സോ കേസുകളും വർദ്ധിച്ചുവെന്ന് പൊലീസിന്റെ വിലയിരുത്തൽ. ആറു മാസത്തിനിടെ പോക്‌സോ കേസുകളിൽ 30 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഒളിച്ചോടുന്ന കേസുകളിൽ പ്രധാന വില്ലൻ മൊബൈൽ ഫോണുകൾ തന്നെയാണെന്ന് പൊലീസ് പറയുന്നു.
2018 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത 81 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 2019 ൽ ഇത് 97 ആയി . എന്നാൽ ഈ വർഷം ആദ്യ പത്തു മാസത്തിനുള്ളിൽ തന്നെ പോക്‌സോ കേസുകളുടെ എണ്ണം 124 ആയി. ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള അഞ്ചു മാസത്തിനിടെ 43 കേസുകളാണുണ്ടായത്. ഇതിൽ പകുതിയിലേറെ കേസുകളിലും മൊബൈൽ ഫോൺ വഴിയുള്ള ബന്ധമാണെന്ന് പൊലീസ് പറയുന്നു. ജില്ലയിൽ ഒളിച്ചോടിയതും പീഡനത്തിനു ഇരയായതുമായ പെൺകുട്ടികളിൽ ഏറെപ്പേരുടെയും പ്രായം 14 നും 17 നും ഇടയിലാണ്. കേസിൽ അറസ്റ്റിലായ പ്രതികളുടെ ശരാശരി പ്രായം 18 മുതൽ 26 വയസുവരെയും.
പൊലീസ് നിർദേശം
ഫോൺ നൽകുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ വേണം
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പരിശോധിക്കണം
ഇന്റർനെറ്റിലെ അപകടം കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം
മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ ശ്രദ്ധിക്കേണ്ടതെങ്ങിനെയെന്ന് ജനമൈത്രി പദ്ധതി വഴി മാതാപിതാക്കൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യ അറിയാത്ത മാതാപിതാക്കളെ ഇതിനായി ബോധവത്കരിക്കും.
കെ.പി ടോംസൺ, എസ്.എച്ച്. ഒ,വാകത്താനം