ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, എൻസിബി കോടതിയിൽ ഹാജരാക്കും
ബംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ഇന്ന് എൻസിബി കോടതിയിൽ ഹാജരാക്കും. അതേസമയം ലഹരി ഇടപാടിന്റെ മറവിൽ കള്ളപണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.
ബിനീഷ് കോടിയേരിയുടെ ബിനാമികളെന്നു സംശയിക്കുന്ന തിരുവനന്തപുരത്തെ കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, ഡ്രൈവർ അനികുട്ടൻ, എസ്.അരുൺ എന്നിവർ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല. രണ്ടാം തീയതി ഹാജരാകണമെന്നായിരുന്നു ഇവരോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എല്ലാവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്.
ഇവർ ഹജരാകാൻ സാദ്ധ്യതയില്ലെന്ന സൂചന കിട്ടിയതോടെയാണ് കസ്റ്റഡിയിലെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം ആരംഭിച്ചത്. നാളെ മുതൽ ഇവർക്കായി തിരച്ചിൽ തുടങ്ങുമെന്നാണ് സൂചന. ഇവരെ പിടികൂടിയതിനു ശേഷം ബിനീഷിനെ ഇഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും. ലത്തീഫിനെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നു നേരത്തെ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.