ഉലകം ചുറ്റും ഖവ്‌ല, യാത്ര ചെയ്ത് റെക്കോഡ് നേടി യു.എ.ഇ സ്വദേശിയായ യുവതി
അബുദാബി: യു.എ.ഇ സ്വദേശിയും ഡോക്ടറുമായ ഖവ്‍ല അൽ റൊമെയ്തിയെന്ന യുവതി നേടിയത് ഒരൊന്നൊന്നര ഗിന്നസ് റെക്കോഡാണ്. മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കൻഡും സമയമെടുത്ത് ലോകത്തെ ഏഴു ഭൂഖണ്ഡങ്ങളും സന്ദർശിച്ചാണ് ഈ മിടുക്കി റെക്കോഡ് നേടിയത്. കുറഞ്ഞ സമയം കൊണ്ട് ഖവ്‌ല സന്ദർശിച്ചത് 208 രാജ്യങ്ങളാണ്. ഫെബ്രുവരി 13 ന് സിഡ്നിയിലാണ് യാത്ര അവസാനിച്ചത്.
ഖവ്‌ലയുടെ മൊഴിമുത്തുകൾ
200 രാജ്യങ്ങളിൽ നിന്നെങ്കിലുമുള്ളവർ യു.എ.ഇയിലുണ്ട്. അവരുടെയൊക്കെ രാജ്യങ്ങൾ സന്ദർശിക്കണം എന്നതും ഓരോ രാജ്യക്കാരുടെയും ജീവിതരീതിയും സംസ്കാരവും മനസിലാക്കുക എന്നതും എന്റെ മോഹമായിരുന്നു.അതീവ ദുഷ്കരമായിരുന്നു യാത്ര. യാത്ര വിജയകരമായി പൂർത്തിയാക്കാൻ അങ്ങേയറ്റം ക്ഷമ വേണമായിരുന്നു. നിരന്തരമായ വിമാനയാത്രയുടെ ക്ഷീണവും സഹിക്കണമായിരുന്നു- ഖവ്‌ല പറയുന്നു. സത്യം പറഞ്ഞാൽ പല തവണ ഈ വിചിത്രമായ ശ്രമത്തിൽ നിന്ന് പിന്മാറണമെന്ന് ശരിക്കും ആഗ്രഹിച്ചു. എങ്ങനെയെങ്കിലും വീട്ടിൽ തിരിച്ചെത്തണം എന്നായിരുന്നു ആഗ്രഹം. എന്നാൽ, അവസാനത്തെ ലക്ഷ്യം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു. നിരന്തരമായി പ്രചോദിപ്പിച്ചതിന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു - ഖവ്‌ല പറയുന്നു.
ഗിന്നസ് റെക്കോഡ് ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നതായി ഖവ്‌ല പറഞ്ഞു. റെക്കോഡ് രാജ്യത്തിനും സമൂഹത്തിനുമായാണ് ഖവ്‌ല സമർപ്പിച്ചത്. യു.എ.ഇയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സ്ത്രീകൾക്ക് തന്റെ നേട്ടം പ്രചോദനമാകുമന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടായിരിക്കണം. അതു നേടാനുള്ള അടങ്ങാത്ത ആഗ്രഹവും. ഒന്നും അസാദ്ധ്യമല്ലെന്ന് ഓർമ്മിക്കൂ - ആത്മവിശ്വാസം കലർന്ന പുഞ്ചിരിയോടെ ഖവ്‌ല പറഞ്ഞു നിറുത്തി.