ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ്: മുൻ താത്കാലിക വാച്ചർ അറസ്റ്റിൽ

Sunday 22 November 2020 7:05 AM IST

അറസ്റ്റിലായ ശശി.

കട്ടപ്പന: ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ വനം വകുപ്പ് മുൻ താത്കാലിക വാച്ചറെ അറസ്റ്റ് ചെയ്തു. താത്കാലിക വാച്ചറായിരുന്ന കണ്ണംപടി കുടിലമറ്റം ശശിയെയാണ് കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കണ്ണംപടി ആദിവാസി മേഖലയിലെ വാക്കത്തി ഭാഗത്ത് ഈറ്റക്കൽ ബിജുവിന്റെ (46) മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ 17നായിരുന്നു സംഭവം. വളകോട്ടിലെ ജോലി സ്ഥലത്ത് എത്തിയ ബിജുവിന് പെട്ടെന്നു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ഉപ്പുതറ സി.എച്ച്.സിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12ന് മരിച്ചു. കൊവിഡ് പരിശോധന പൂർത്തിയാക്കി മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകുന്നതിനായി രാത്രി ഏഴോടെ കിഴുകാനം ചെക്‌പോസ്റ്റിൽ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന വാച്ചർ ശശി തടയുകയായിരുന്നു. മൃതദേഹമാണെന്നു ബന്ധുക്കൾ അറിയിച്ചിട്ടും ഇയാൾ വഴങ്ങിയില്ല. കനത്തമഴയിൽ മുക്കാൽ മണിക്കൂറോളമാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാനാകാതെ വഴിയിൽ അകപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് അംഗം കോട്ടയം ഡി.എഫ്.ഒയെ ഫോണിൽ ബന്ധപ്പെട്ട് കിഴുകാനം ഫോറസ്റ്റ് ആഫീസിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയശേഷമാണ് മൃതദേഹം ചെക്‌പോസ്റ്റ് കടത്തിവിട്ടത്. സംഭവത്തിൽ ആദിവാസി മൂപ്പൻമാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച അന്വേഷണ വിധേയമായി ശശിയെ പുറത്താക്കിയിരുന്നു. പട്ടികജാതി പട്ടികവർഗ നിയമപ്രകാരമാണ് ശശിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.