പ്രശ്‌നമേതായാലും ഉത്തരം 'കുഞ്ഞൂഞ്ഞ്"
കോട്ടയം: കൈയിൽ ചുളുങ്ങിയ ഒരു പിടി കടലാസ്. അതിൽ വെട്ടും തിരുത്തുമായി പേരുകൾ. സൂക്ഷ്മപരിശോധന കഴിഞ്ഞിട്ടും ഉമ്മൻചാണ്ടി കൈയിലെ കടലാസ് താഴെ വച്ചിട്ടില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന് മുമ്പ് കുറേ വിമതന്മാരെക്കൂടി പിന്തിരിപ്പിക്കണം. ദണ്ഡം ഒഴിച്ച് സാമം ദാനം ഭേദം എന്നീ അടവുകൾ ആദ്യം പയറ്റും. വീണില്ലെങ്കിൽ സ്ഥാനമാനങ്ങളുടെ പെരുമഴ പെയ്യിക്കും. ഒട്ടുമിക്കവരും അതിൽ വീഴും.
ആദ്യം കൊച്ചു കുട്ടികളെപ്പോലെ നിഷ്‌കളങ്കമായി ചിരിക്കും. പിന്നെ സ്ഥാനാർത്ഥി മോഹിയെ അടുത്തിരുത്തി ലിസ്റ്റിലുണ്ടെന്നു പറയും. കടലാസിലോട്ട് നോക്കിയാൽ ഉമ്മൻചാണ്ടി പോലും ലിപി ഏതെന്നറിയാതെ കണ്ണുതള്ളും.
കോട്ടയം ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷനിലേക്ക് അടുത്ത അനുയായിയുടെ പേര് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു. അവസാനം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ആ സീറ്റുമായി ഐ ഗ്രൂപ്പ് പോയി. അടുപ്പമുള്ള സ്ഥാനാർത്ഥിയെ അല്ലേ മാറ്റാൻ കഴിയൂ എന്നായിരുന്നു ഇതിന് ഉമ്മൻചാണ്ടി സ്റ്റൈൽ മറുപടി. സീറ്റ് പോയെങ്കിലും പാർട്ടിയിൽ ഉന്നത സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മിൽമ ഡയറക്ടർ സ്ഥാനമെന്ന വാഗ്ദാനത്തിലാണ് മറ്റൊരു സ്ഥാനാർത്ഥി മോഹിയെ വെട്ടിയത്.
സ്ഥാനാർത്ഥി തർക്കത്തിന്റെ പേരിൽ നൂറോളം പേർ കോൺഗ്രസ് വിടുമെന്ന ഭീഷണി ഉയർന്നതോടെ മദ്ധ്യസ്ഥതയ്ക്ക് ഉമ്മൻചാണ്ടിയെ വിളിച്ചു. ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിച്ചതോടെ പ്രശ്നം തീർന്നു. മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഡിവിഷനിൽ മത്സരിക്കുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് അവസാനം സീറ്റ് കിട്ടിയത്. കോട്ടയത്ത് കുഞ്ഞൂഞ്ഞു മകന്റെ പേരു വെട്ടാൻ ധൈര്യമുള്ളവൻ ആരെന്ന അന്വേഷണവും നടക്കുന്നുണ്ട്.