എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: സർക്കാരുമായി സഹകരിച്ച് എല്ലാവർക്കും മിനിമം വേതനം നൽകുന്ന ന്യായ പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ യു.ഡി.എഫിന്റെ വാഗ്ദാനം. പാവപ്പെട്ട കുടുംബങ്ങൾക്ക് ഓരോ മാസവും നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മാതൃകയിൽ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പാവപ്പെട്ട രോഗികൾക്ക് ആശ്വാസനിധി നിർബന്ധമാക്കും. കൊവിഡ് വാക്സിൻ ലഭ്യമായാൽ അടിയന്തരമായി ജനങ്ങളിലെത്തിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് അധിക സൗകര്യമൊരുക്കും. നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ ടി.വിയും മൊബൈൽഫോണും നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
ആദ്യപ്രതി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രകടനപത്രിക പ്രകാശനം ചെയ്തു. സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ കുറവ് പരിഹരിക്കാൻ കൂടിയാണ് മറ്റ് മുന്നണികളെക്കാൾ മുമ്പേ പ്രകടനപത്രികയിറക്കിയുള്ള യു.ഡി.എഫിന്റെ നീക്കം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ആവിഷ്കരിച്ച ന്യായ് പദ്ധതിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലും എടുത്തുപയോഗിക്കുന്നത്.
വാഗ്‌ദാനങ്ങൾ
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഇടതുസർക്കാർ കവർന്നെടുത്ത അധികാരങ്ങൾ പുനസ്ഥാപിക്കും
പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സഹായം നൽകാൻ മംഗല്യ സഹായനിധി
തർക്കപരിഹാരത്തിന് പഞ്ചായത്തുകളിൽ ന്യായ കാര്യാലയങ്ങൾ
മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും ആസ്ഥാനത്ത് സൗജന്യ വൈഫൈ
പ്രകൃതിദുരന്തം, പകർച്ചവ്യാധി, അപകടം എന്നിവ വഴി അനാഥരാകുന്ന കുട്ടികളെ ഏറ്റെടുക്കും
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം ജനപങ്കാളിത്തത്തോടെ
വർഷത്തിലൊരിക്കൽ പ്രവാസി സംഗമം നടത്തി ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളിത്തം
അങ്കണവാടികളെ മികവുറ്റതാക്കി ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തും
സർക്കാരിന്റെ അനുമതി കൂടാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കാനനുമതി
താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അധികാരം അതത് തദ്ദേശസ്ഥാപനങ്ങൾക്ക്
കുടുംബശ്രി സംവിധാവും തദ്ദേശസ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും
തദ്ദേശീയ ബ്രാൻഡ് അരി വിപണിയിലെത്തിക്കും
നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഗ്രാമസഭകൾ മികവുറ്റതാക്കും
തദ്ദേശസ്ഥാപനങ്ങളുടെ സോഷ്യൽ ഓഡിറ്റ് ശക്തിപ്പെടുത്തും
വികേന്ദ്രീകൃത മാലിന്യ സംസ്കരണം, മലിനജല അതോറിട്ടി
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം.
വാർദ്ധക്യകാല പെൻഷൻ കിട്ടുന്നതിലെ തടസങ്ങളൊഴിവാക്കും
തൊഴിലുറപ്പിലൂടെ നൂറ് ദിവസ തൊഴിൽ അല്ലെങ്കിൽ തുല്യ കൂലിയുറപ്പാക്കൽ