ഹാട്രിക് മധുരം തേടി മണിയാശാന്റെ മകൾ
ഇടുക്കി: ഹാട്രിക് വിജയം തേടിയാണ് മന്ത്രി എം.എം. മണിയുടെ മൂത്തമകൾ സതി കുഞ്ഞുമോൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നത്. രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാഗം ഉൾപ്പെടുന്ന ഏഴാംവാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. രണ്ടുതവണ വിജയിച്ച സതി കഴിഞ്ഞതവണ പ്രസിഡന്റുമായിരുന്നു.
വീടുൾപ്പെടുന്ന എൻ.ആർ സിറ്റി അഞ്ചാം വാർഡിലാണ് രണ്ടുവട്ടവും ജയിച്ചത്. തിരഞ്ഞെടുപ്പുകളിലൊന്നും അച്ഛൻ തങ്ങൾക്കായി വോട്ട് ചോദിക്കാൻ വന്നിട്ടില്ലെന്ന് സതി പറയുന്നു. മകളാണെന്ന പ്രത്യേക പരിഗണനയൊന്നുമില്ല. മറ്റ് പാർട്ടി പ്രവർത്തകരോടെന്ന പോലെയാണ് പെരുമാറ്റം. തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സി.പി.എം നേതാവെന്ന നിലയിൽ പ്രസംഗിക്കാറുണ്ട്. ഇത്തവണ മന്ത്രിയാണെന്ന പ്രത്യേകതയുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്. മണിയുടെ ഇളയമകൾ സുമാ സുരേന്ദ്രൻ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.