ഫുൾ ടൈം കോമഡി എന്റെർടെയ്നറുമായി പൃഥ്വിരാജ്: സംവിധാനം ഷാജോൺ
നടനിൽ നിന്ന് നിർമ്മാതാവിലേക്കും വിതരണക്കാരനിലേക്കും സംവിധായകനിലേക്കുമെല്ലാം പകർന്നാട്ടം നടത്തിയ വ്യക്തിയാണ് പൃഥ്വിരാജ്. തന്റെ സംവിധാന, നിർമ്മാണ സംരംഭങ്ങളുമായി തിരക്കിലാണ് താരം. അതോടൊപ്പം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി തന്റെ അഭിനയത്തിരക്കിലേക്ക് വീണ്ടും പോവുകയാണ് പൃഥ്വി.
ജനൂസ് മുഹമ്മദ് പൃഥ്വി യെ നായകനാക്കി ഒരുക്കിയ സയൻസ് ഫിക്ഷൻ ചിത്രം നയൻ ഫെബ്രുവരി 7നാണ് തിയേറ്ററുകളിലെത്തുക. ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വി തന്നെയാണ്. ബെന്യാമിന്റെ നോവൽ ആസ്പദമാക്കി ബ്ളെസി ഒരുക്കുന്ന ആടു ജീവിതത്തിലാണ് പൃഥ്വി ഉടൻ ജോയിൻ ചെയ്യുന്ന മറ്റൊരു ചിത്രം. അതിനിടയിൽ രസകരമായ ഒരു ചിത്രം കൂടി അഭിനയിക്കാൻ ഉള്ള പ്ലാനിൽ ആണ് താരം.ഏറെ കാലത്തിനു ശേഷം പൃഥ്വിരാജ് അഭിനയിക്കാൻ പോകുന്ന ആ ഫൺ ഫിലിം സംവിധാനം ചെയ്യുന്നത് കലാഭവൻ ഷാജോൺ ആണ്.
കോമഡിയും പാട്ടും നൃത്തവും എല്ലാം നിറഞ്ഞ ഒരു കംപ്ളീറ്റ് എന്റർടെയ്നർ ആയിരിക്കും അതെന്നു പൃഥ്വിരാജ് പറയുന്നു. ബ്രദർസ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ഷാജോൺ തന്നെയാണ്. അതിനു ശേഷം പൃഥ്വിരാജ് ചിത്രങ്ങൾ ശങ്കർ രാമകൃഷ്ണൻ ഒരുക്കാൻ പോകുന്ന അയ്യപ്പൻ, നവാഗതനായ മഹേഷ് ഒരുക്കാൻ പോകുന്ന കാളിയൻ എന്നിവയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മാർച്ച് 28 ന് റിലീസ് ചെയ്യും. പൃഥ്വിരാജ് നായകനായ നയൻ എത്തുന്നത് അടുത്ത മാസം ഏഴാം തീയതി ആണ്.