എൽ.എസ്.ഡി ഇടപാട് ഓൺലൈനിലൂടെ

Monday 23 November 2020 5:55 AM IST

പണം ഇടപാടിന് ബിറ്റ് കോയിനും

ആലുവ: പെരുമ്പാവൂരിൽ നിന്നും പൊലീസ് പിടികൂടിയ എൽ.എസ്.ഡി സ്റ്റാമ്പുകൾ പ്രതികൾ വാങ്ങുന്നത് ഓൺലൈനിലൂടെയെന്ന് വ്യക്തമായി. ബിറ്റ് കോയിൻ ഉപയോഗിച്ച് വരുത്തിച്ച സ്റ്റാമ്പുകളാണിവ.

വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു ഉപഭോക്താക്കൾ. ഡി.ജെ പാർട്ടികളിലും ഇവ ഉപയോഗിക്കാറുണ്ട്. ഒരു സ്റ്റാമ്പ് നാല് കഷണം വരെയാക്കി നാക്കിനടിയിൽ ഇടും. നാലു മണിക്കൂർ വരെ ലഹരി ലഭിക്കും. സ്റ്റാമ്പിന്റെ ഉപയോഗം ഗുരുതര അസുഖങ്ങൾക്കും മരണത്തിനും കാരണമായേക്കും. 1500 രൂപയ്ക്കാണ് ഒരു സ്റ്റാമ്പിന് വാങ്ങിയിരുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഉപഭോക്താക്കളുമായി ബന്ധപ്പെടാറ്.

45 എൽ.എസ്.ഡി സ്റ്റാമ്പുമായി എൻജിനിയറിംഗ് വിദ്യാർത്ഥിയായ കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽ ദേവ് (20), വഴിക്കടവ് താഴത്തേ വിട്ടിൽജുനൈസ് (19), കോട്ടക്കൽ കൂട്ടേരി വിട്ടിൽ മുഹമ്മദ് ഫാരിസ് (21) എന്നിവരെ പെരുമ്പാവൂരിൽ നിന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സാഹസികമായി പിടികൂടിയിരുന്നു.

റൂറൽ ജില്ലയിൽ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എൽ.എസ്.ഡി സ്റ്റാമ്പ് വേട്ടയാണിത്. ഇവരുടെ വിൽപ്പനയെക്കുറിച്ചുംകൊണ്ടുവന്നതിനെക്കുറിച്ചും ഇത് ഉപയോഗിക്കുന്നവരെപ്പറ്റിയും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി. കാർത്തിക് പറഞ്ഞു.