'കൊവിഡ് സാഹചര്യം ഡിസംബറിൽ മോശമായേക്കാം' : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് സുപ്രീംകോടതി
നാല് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി
ന്യൂഡൽഹി: സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയില്ലെങ്കിൽ ഡിസംബറിൽ മോശം കാര്യങ്ങൾ സംഭവിച്ചേക്കാമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസാം എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ഈ സംസ്ഥാനങ്ങളോട് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. വരുന്ന 27ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഡൽഹിയിലെ സ്ഥിതി ഈ മാസം തന്നെ അതീവ ഗുരുതരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയെന്താണെന്നും എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും ഡൽഹി സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചകാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമായി ബാധിച്ച ആറാമത്തെ സംസ്ഥാനമാണ് ഡൽഹി. 5.29 ലക്ഷം പേർക്ക് ഡൽഹിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയുടേതിന് സമാനമാണ് ഗുജറാത്തിലെ കാര്യങ്ങളെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.