ബി.ജെ.പി നേതാവിനെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: വിവരാവകാശ പ്രവർത്തകനും ബി.ജെ.പി നേതാവുമായ സുൾഫിക്കർ ഖുറേഷിയെ വെടിവച്ചു കൊന്നു. ഡൽഹിയിലെ നന്ദ്നാഗിരിയിൽ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. വീടിന് സമീപം 22കാരനായ മകനൊപ്പം നടക്കുകയായിരുന്ന ഖുറേഷിയുടെ തലയ്ക്കു നേരെ രണ്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു. മകനെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ചാണ് സംഘം രക്ഷപ്പെട്ടത്. ഇരുവരെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഖുറേഷിയുടെ മരണം സംഭവിച്ചിരുന്നു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് ഡെപ്യൂട്ടി കമ്മിഷണർ വേദ് പ്രകാശ് സൂര്യ പറഞ്ഞു.