വിഷചായ കുടിച്ച് രണ്ട് സന്ന്യാസിമാർ മരിച്ചു

Tuesday 24 November 2020 1:52 AM IST

ആഗ്ര: മഥുരയിലെ ഗിരിരാജ് വതിക ആശ്രമത്തിലെ രണ്ട് സന്ന്യാസിമാർ വിഷചായ കുടിച്ച് മരിച്ചു. ഗുലാബ് സിംഗ് (60), ശ്യാം സുന്ദർദാസ് (61) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന റാം ബാബു എന്ന സന്ന്യാസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശ്രമത്തിലെ ചായ കുടിച്ച സന്ന്യാസിമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഗുലാബ് സിംഗ് തത്ക്ഷണവും ശ്യാം സുന്ദർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണമടഞ്ഞത്. തുടർന്നാണ് ചായയിൽ വിഷം കലർന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരിച്ച സന്ന്യാസിമാരിൽ ഒരാളുടെ ബന്ധുവിന്റെ പരാതി പ്രകാരം കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മധുര എസ്.എസ്.പി ഗൗരവ് ഗ്രോവർ അറിയിച്ചു.