ബീഹാർ നിയമസഭാ സമ്മേളനത്തിന് തുടക്കം

Tuesday 24 November 2020 12:26 AM IST

അഞ്ചു ഭാഷകളിൽ സത്യപ്രതിജ്ഞ

ന്യൂഡൽഹി: 243 അംഗ സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞയോടെ ബീഹാറിൽ പുതിയ നിയമസഭാ സമ്മേളനം ആരംഭിച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രിമാരായ തർകിഷോർ പ്രസാദ്, രേണു ദേവി, മന്ത്രിമാരായ വിജയ്‌കുമാർ ചൗധരി, ബിജേന്ദ്രപ്രസാദ്, ഷീലകുമാരി, അമരേന്ദ്രപ്രതാപ് സിംഗ്, രാംപ്രീത് പാസ്വാൻ, രാം സൂറത്ത് കുമാർ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ എം.എൽ.എമാരായി ആദ്യ ദിനം സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ഇന്നും തുടരും. പ്രോട്ടേം സ്പീക്കർ മുതിർന്ന നേതാവ് ജിതൻ റാം മാഞ്ചിയാണ് നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്. മുൻമന്ത്രിയും ബി.ജെ.പി നേതാവുമായ നന്ദകിഷോർ യാദവ് ആകും എൻ.ഡി.എയുടെ സ്പീക്കർ സ്ഥാനാർത്ഥിയെന്നാണ് സൂചന.

ഹിന്ദി, ഇംഗ്ലീഷ്, മൈഥിലി, സംസ്കൃതം, ഉറുദു ഭാഷകളിൽ സത്യപ്രതിജ്ഞ നടന്നു. കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ, ബി.ജെ.പി നേതാവ് മിതിലേഷ് കുമാർ സംസ്‌കൃതത്തിലും എ.ഐ.എം.ഐ.എം അംഗങ്ങളായ ഷാനവാസ്, അക്തറുൾ ഇമാം എന്നിവർ ഉറുദുവിലും സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം ഉറുദുവിലെഴുതിയ സത്യവാചകത്തിൽ ഭാരത് എന്നതിന് പകരം ഹിന്ദുസ്ഥാൻ എന്നുൾപ്പെടുത്തിയതിനെതിരെ എ.ഐ.എം.ഐ.എം അംഗം അക്തറുൾ ഇമാം എതിർപ്പുയർത്തിയതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഭരണഘടനയിൽ ഭാരത് എന്നുപറയുമ്പോൾ ഹിന്ദുസ്ഥാൻ എന്നുപയോഗിക്കുന്നത് ശരിയാണോയെന്ന് അക്തറുൾ ഇമാം ചോദിച്ചു. എന്നാൽ ഹിന്ദുസ്ഥാൻ എന്നുപറയാൻ എതിർപ്പുള്ളവർ പാകിസ്ഥാനിൽപോകട്ടെയെന്ന് ചില ബി.ജെ.പി നേതാക്കളും പ്രതികരിച്ചതോടെ സംഭവം വിവാദമായി.

അതിനിടെ നിതീഷ് മഹാസഖ്യത്തിലേക്ക് വരണമെന്ന് ആർ.ജെ.ഡി നേതാവ് അമർനാഥ് ഗമി ആവശ്യപ്പെട്ടു. എൻ.ഡി.എ സർക്കാർ അധികകാലം അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.