ഭീകരരുടെ നുഴഞ്ഞു കയറ്റം: വിദേശ നയതന്ത്ര പ്രതിനിധികളെ വിവരം ധരിപ്പിച്ച് ഇന്ത്യ

Tuesday 24 November 2020 12:38 AM IST

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ നഗ്രോതയിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരർ പാകിസ്ഥാൻ സഹായത്തോടെ അതിർത്തി കടന്ന് വന്നവരാണെന്ന് തെളിവ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ വിദേശ നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ വിശദീകരിച്ചു. യു.എസ്, റഷ്യ, ജപ്പാൻ, ഫ്രാൻസ് രാജ്യങ്ങളുടെ പ്രതിനിധികൾക്കാണ് പാകിസ്ഥാൻ ഭീകരർക്ക് സഹായം നൽകുന്നതിന്റെ തെളിവുകൾ ഇന്ത്യ നൽകിയത്.

ജമ്മുകാശ്‌മീരിലെ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് വൻ ആക്രമണത്തിനാണ് ഭീകരർ പദ്ധതിയിട്ടതെന്ന് വൻ പിടിച്ചെടുത്ത ആയുധങ്ങളും മൊബൈൽ ഫോൺ സന്ദേശങ്ങളും അടക്കമുള്ള തെളിവുകൾ ചൂണ്ടിക്കാട്ടി വിദേശകാര്യ വകുപ്പ് വിവരിച്ചു. കഴിഞ്ഞ ദിവസം സാംബാ മേഖലയിൽ കണ്ടെത്തിയ ഭൂർഗർഭ തുരങ്കം ഭീകരർ നുഴഞ്ഞു കയറുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നുവെന്നും പിടിച്ചെടുത്ത എ.കെ 47 അടക്കമുള്ള ആയുധങ്ങൾ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പങ്ക് തെളിയിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.