പൊതുനിരീക്ഷകൻ ചുമതലയേറ്റു

Wednesday 25 November 2020 12:00 AM IST

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ പൊതു നിരീക്ഷകനായി നിയോഗിക്കപ്പെട്ട വനം വകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ജോർജി പി. മാത്തച്ചൻ ചുമതലയേറ്റു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എം. അഞ്ജനയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വിശദീകരിച്ച കളക്ടർ ജില്ലാ തിരഞ്ഞെടുപ്പ് പ്ലാൻ നിരീക്ഷകന് കൈമാറി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, എ.ഡി.എം അനിൽ ഉമ്മൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രചാരണം, പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, കൊവിഡ് പ്രതിരോധം ഉറപ്പാക്കൽ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് പൊതുനിരീക്ഷകന്റെ ചുമതല.

തിരഞ്ഞെടുപ്പുമായും പെരുമാറ്റച്ചട്ടവുമായും ബന്ധപ്പെട്ട പരാതികൾ അറിയിക്കാം. ഫോൺ: 9447979040.