പ്രിയപ്പെട്ട ലൂപോ ഓർമ്മയായി, മരണ വിവരം പങ്കുവച്ച് ബ്രിട്ടീഷ് രാജകുടുംബം

Wednesday 25 November 2020 1:35 AM IST

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ വില്യം രാജകുമാരന്റേയും ഭാര്യ കേറ്റ് മിഡിൽടണിന്റേയും പ്രിയപ്പെട്ട നായ്ക്കുട്ടി ലൂപോ ഓർമയായി. വില്യവും കേറ്റും സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മരണവിവരം അറിയിച്ചത്. കോക്കർ സ്പാനിയൽ ഇനത്തിൽപ്പെട്ട നായയായിരുന്നു ലൂപോ.

ലൂപോയുടെ ചിത്രത്തിനൊപ്പമാണ് രാജകുടുംബം വിയോഗവാർത്ത പങ്കുവച്ചത്. ഒമ്പത് കൊല്ലമായി കുടുംബത്തിലെ അംഗമായിരുന്നു ലൂപോ എന്നും കുറിച്ചിട്ടുണ്ട്. 2012ലാണ് ലൂപോയെ വില്യം രാജകുമാരൻ ഇവിടേക്ക് കൊണ്ടുവന്നത്. കേറ്റിന്റെ മാതാപിതാക്കളുടെ വളർത്തുനായയായ എല്ലെയാണ് ലൂപോയുടെ അമ്മ.

കഴിഞ്ഞ വർഷങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത രാജകുടുംബത്തിന്റെ ചിത്രങ്ങളിൽ പലതിലും ലൂപോയുമുണ്ടായിരുന്നു. ലൂപോ: ദ അഡ്വഞ്ചേഴ്സ് ഒഫ് എ റോയൽ ഡോഗ്' എന്ന കുട്ടികളുടെ പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്.