ഒളികാമറ ഓപ്പറേഷൻ: എം.കെ.രാഘവൻ എം.പി ക്കെതിരെ വിജിലൻസ് കേസ്

Wednesday 25 November 2020 12:00 AM IST

കോഴിക്കോട്: നഗരത്തിൽ വൻകിട ഹോട്ടൽ തുടങ്ങാൻ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവഴിച്ചെന്നുമുള്ള ഹിന്ദി വാർത്താ ചാനൽ ഒളികാമറ ഓപ്പറേഷൻ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എം.കെ രാഘവൻ എം.പി ക്കെതിരെ വിജിലൻസ് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്യാൻ ലോക്‌സഭ സ്‌പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റ് പി സി ആക്ട് 17 എ പ്രകാരമാണ് കേസെടുത്തത്. ലോക്‌സഭാ അംഗത്തിനെതിരെ കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, അതുവേണ്ടെന്ന വിജിലൻസ് ഡയറക്ടറുടെ നിമോപദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് സംഭവം നടന്നത്. ടി വി 9 ചാനൽ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് ആരോപണം പുറത്തുവന്നത്. വ്യവസായികളെന്ന വ്യാജേന എത്തിയ മാദ്ധ്യമപ്രവർത്തകർ എം.കെ. രാഘവന്റെ വീഡിയോ പകർത്തി പുറത്തുവിടുകയായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിലാണ് ചാനൽ പ്രവർത്തകർ എം.കെ. രാഘവനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടതായി വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അന്ന് ചാനൽ പുറത്തുവിട്ടത്. ആ തുക ഡൽഹി ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ദൃശ്യത്തിലുണ്ടായിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.