പൊലീസ് നിയമ ഭേദഗതി പുന:പരിശോധിക്കും
കൊച്ചി : കേരള പൊലീസ് ആക്ടിലെ വിവാദമായ 118 എ ഭേദഗതി ഒാർഡിനൻസ് പുന:പരിശോധിക്കുമെന്നും ,അന്തിമ തീരുമാനമെടുക്കുന്നതു വരെ ഇതനുസരിച്ച് കേസെടുക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
ഭേദഗതിക്കെതിരെ ആർ.എസ്.പി നേതാക്കളായ ഷിബു ബേബി ജോൺ, എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ നൽകിയ പൊതുതാല്പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിക്കാൻ മാറ്റി. സർക്കാരിന്റെ വിശദീകരണത്തിന് അഡി. അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് സമയം തേടിയതിനാലാണിത്.
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസ് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തികളെ ഭീഷണിപ്പെടുത്താനോ അധിക്ഷേപിക്കാനോ അപകീർത്തിപ്പെടുത്താനോ വ്യാജ വിഷയം വിനിമയോപാധികളിലൂടെ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് 118 എ ഭേദഗതിയിൽ പറയുന്നത്. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി കണ്ടെത്തി റദ്ദാക്കിയ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ഗുണ ദോഷങ്ങൾ വിലയിരുത്താനും, ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നിയമ ഭേദഗതിയിലൂടെ സർക്കാർ തടയുന്നതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.