പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മയായെന്ന് എം.എ. ബേബി

Wednesday 25 November 2020 12:15 AM IST

തിരുവനന്തപുരം: വിമർശനത്തിനു വഴിയൊരുക്കുമാറ് പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് സർക്കാരിന്റെ പോരായ്മയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

വിവാദമായ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ച ചെയ്തിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നിയമ ഭേദഗതി പിൻവലിച്ചശേഷം ആദ്യമായാണ് പാർട്ടിയിൽ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന്റെ പരസ്യപ്രതികരണം. നിയമഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്മകളുണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്മകളെല്ലാം തിരിച്ചറിയുന്നു. അത് മനസിലാക്കുന്നു. ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന് ചർച്ചകൾക്കുശേഷം തീരുമാനിക്കും. അതിനുമുമ്പുള്ള കാര്യങ്ങളിൽ ഇനി ചർച്ച അനാവശ്യമാണെന്നും ബേബി പറഞ്ഞു.