കിഫ്ബി: പശ്ചാത്തല വികസനം പി.പി.പി മാതൃകയിൽ നടപ്പാക്കും- മന്ത്രി ഐസക്

Wednesday 25 November 2020 12:00 AM IST

തിരുവനന്തപുരം: പശ്ചാത്തല വികസന പദ്ധതികൾ പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി ) കിഫ്ബി വഴി നടപ്പാക്കുന്നതിന് ലോക ബാങ്കിന് കീഴിലുള്ള അന്താരാഷ്ട്ര ഫിനാൻസ് കോർപ്പറേഷനിൽ (ഐ.എഫ്.സി) നിന്ന് ഗ്രീൻ ബോണ്ടായോ ഗ്രീൻ വായ്പയായോ 1100 കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഐ.എഫ്.സിയുമായി ഇതിനുള്ള ധാരണാപത്രം ഒപ്പു വച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

ഇതിന് കേന്ദ്രസർക്കാരിന്റെ എൻ.ഒ.സി ലഭിച്ചിട്ടുണ്ട്. ഐ.എഫ്.സി ലോകബാങ്കിന്റെ കീഴിലുള്ളതാണെങ്കിലും, ഇത് വിദേശ വായ്പയായി കണക്കാനാവില്ല. ഇന്ത്യൻ രൂപയിലാണ് വായ്പ . ഇതിന് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. കേന്ദ്ര സർക്കാരിന്റെ അനുവാദത്തിനായി ഐ.എഫ്.സി തന്നെ അപേക്ഷ നൽകും. കുട്ടനാട് രണ്ടാം പാക്കേജ്, കാർബൺ ന്യൂട്രൽ വയനാട്, തീരദേശ സംരക്ഷണവും പുനരധിവാസവും, ഇലക്ട്രിക്, സി.എൻ.ജി ബസുകൾ, ഹരിത കെട്ടിടങ്ങൾ തുടങ്ങിയവയാണ് ഗ്രീൻ വായ്പ കൊണ്ട് ഉദ്ദേശിക്കുന്നത്. മസാല ബോണ്ട് വായ്പ വിനിയോഗിച്ച വിവരം ഏപ്രിൽ മുതൽ എല്ലാ മാസവും കൃത്യമായി റിസർവ് ബാങ്കിനെ അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 അതിനുള്ള ശിക്ഷ ഏറ്റുവാങ്ങാം

തദ്ദേശ സ്ഥാപനങ്ങളുടെ ഓ‌ഡിറ്റ് നിറുത്തിവച്ചത് കേന്ദ്ര സോഫ്റ്റ് വെയറുമായി കേരളത്തിന്റെ സോഫ്റ്റ് വെയർ സമന്വയിപ്പിക്കാനുള്ള സൗകര്യത്തിനാണ്. എന്നാലേ, ധനകാര്യ കമ്മിഷൻ വകയുള്ള കേന്ദ്രസഹായം കിട്ടൂ. സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചതാണ്. ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മനസിലാക്കി വിമർശിക്കണം.

കിഫ്ബിയുമായി ബന്ധപ്പെട്ട അവകാശ ലംഘന നോട്ടീസിൽ സ്പീക്കർക്കുള്ള മറുപടി ഉടനെ കൊടുക്കും. സഭയിൽ വയ്ക്കേണ്ട സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ടതു വഴിയുള്ള ഏത് അവകാശ ലംഘന പ്രശ്നം വന്നാലും അതിനുള്ള ശിക്ഷ താൻ ഏറ്റുവാങ്ങിക്കൊള്ളാം. പുറത്ത് വിട്ടത് സി.എ.ജിയുടെ കരട് റിപ്പോർട്ടാണെന്നാണ് താൻ ധരിച്ചിരുന്നതെന്ന കാര്യം സ്പീക്കറോട് പറയുമെന്നും മന്ത്രി വ്യക്തമാക്കി.

തനിക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണം ഐസക് നിഷേധിച്ചു.'നിങ്ങൾക്ക് ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയവ ഉണ്ടല്ലോ. അവരെക്കൊണ്ട് അന്വേഷിപ്പിച്ച ശേഷമേ ഇനി ആരോപണങ്ങൾ ഉന്നയിക്കാവൂ' - മന്ത്രി പറഞ്ഞു.