വാക്സിൻ: ഒരുകോടി ആരോഗ്യപ്രവ‌ർത്തകരുടെ പട്ടികയായി

Wednesday 25 November 2020 12:43 AM IST

ന്യൂഡൽഹി: രാജ്യത്ത് ആദ്യഘട്ടത്തിൽ കൊവിഡ് വാക്‌സിൻ നൽകേണ്ട ഒരു കോടി ആരോഗ്യപ്രവർത്തകരുടെ പട്ടിക തയാറായതായി റിപ്പോർട്ട്. 92 ശതമാനം സർക്കാർ ആശുപത്രികളും 55 ശതമാനം സ്വകാര്യ ആശുപത്രികളുമാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ വിവരം ലഭ്യമാക്കിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വരും ആഴ്ചകളിൽ ബാക്കിയുള്ള ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ ലഭിക്കും. മുൻഗണനാവിഭാഗത്തിലെ ആരോഗ്യപ്രവർത്തകരെ കണ്ടെത്താനുള്ള പ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉൾപ്പെടെയുള്ള മറ്റ് മുന്നണി പ്രവർത്തകർ, പ്രായമായവർ, മറ്റ അസുഖങ്ങളുള്ളവർ തുടങ്ങി 30 കോടി പേർക്കാണ് വാക്സിൻ നൽകുക. ഇതിൽ 26 കോടി പേർ 50 വയസിന് മുകളിലുള്ളവരാകും. ഓക്സ്‌ഫോർഡ് വാക്സിൻ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ തുടങ്ങി അഞ്ചുവാക്സിനുകളുടെ പരീക്ഷണമാണ് ഇന്ത്യയിൽ വേഗത്തിൽ പുരോഗമിക്കുന്നത്. 2021 തുടക്കത്തിൽ തന്നെ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞിരുന്നു.