അല്‍ ഖ്വയ്ദ തീവ്രവാദികളെ മുട്ടുകുത്തിച്ച ധീരൻ, ബുളളറ്റ് തുളച്ചു കയറിയിട്ടും പതറിയില്ല; സൈനികരുടെ ജീവൻ രക്ഷിച്ച കുനോയ്ക്ക് വിക്ടോറിയ ക്രോസ്

Wednesday 25 November 2020 11:32 AM IST

ലണ്ടൻ: തോക്കുധാരികളായ അൽഖ്വയിദ തീവ്രവാദികളെ സധൈര്യം നേരിട്ട മിലിട്ടറി നായ 'കുനോ'യ്ക്ക് മൃഗങ്ങൾക്ക് നൽകുന്ന ധീരതയ്ക്കുള്ള വിക്ടോറിയ ക്രോസ് പുരസ്‌കാരം. ബെൽജിയൽ ഷെപ്പേഡ് മലിനോയ്‌സായ നാലു വയസുളള കുനോയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

2019ലാണ് കുനോ അൽ ഖ്വയ്ദ തീവ്രവാദികളെ നേരിടുകയും, ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സൈന്യത്തെ സഹായിക്കുകയും ചെയ്തത്. കുനോയുടെ സമയോചിതമായ ഇടപെടലിലൂടെ ഒരുപാട് സൈനികരാണ് അന്ന് രക്ഷപ്പെട്ടത്.

പോരാട്ടത്തിനിടയിൽ നായയുടെ പിൻകാലുകളിൽ ബുളളറ്റുകൾ തുളച്ചു കയറിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കുനോയെ നിരവധി ശസ്ത്രക്രിയകളിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. കൃത്രിമ കാൽ ഘടിപ്പിച്ച ശേഷവും കുനോ സേവനം തുടർന്നു.

'അവൻ യഥാർഥ ഹീറോയാണ്. അന്ന് കുനോ ചെയ്ത പ്രവൃത്തി ദൗത്യത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ഒന്നിലധികം ജീവനുകളാണ് കുനോ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും അവൻ കടമ നിർവഹിച്ചു.' പിഎസ്ഡിഎ ഡയറക്ടർ ജനറൽ ജോൺ മക് ലോഗ്ലിൻ പറഞ്ഞു.