കൂൺ കൃഷിയിൽ നൂറ് മേനിയോടെ യുവകർഷകർ
പാലോട്: കൂൺ കൃഷിയിൽ മാസം പതിനായിരത്തിലേറെ രൂപ വരുമാനം നേടി പുതിയ കൃഷിരീതി പരിചയപ്പെടുത്തുകയാണ്.നന്ദിയോട്ടെ യുവ കർഷക കൂട്ടായ്മ. അല്പം ക്ഷമയും കൃഷിയോട് ആത്മാർത്ഥതയും ഉണ്ടെങ്കിൽ കൂൺകൃഷി ലാഭകരമെന്ന് തെളിയിച്ചിരിക്കുകയാണ് സുധീഷും, അഭിരാജും. നന്ദിയോട്ടെ ചന്തകളിലും , പച്ചക്കറി കടകളിലും കൂൺ തേടി നിരവധി പേരാണ് എത്തുന്നത്.ആദ്യം മടിച്ചു നിന്ന ഇരുവരും വില്പനയിലെ വിപുല മായ സാദ്ധ്യതകൾ തെളിഞ്ഞതോടെയാണ് പൂർണ്ണമായും കൂൺ കൃഷിയിലേക്ക് മാറിയത്.കഴിഞ്ഞ കാലങ്ങളിൽ പല കർഷകരും കൂൺകൃഷി നടത്തിയിരുന്നു എങ്കിലും വിപണിയിലെ മാന്ദ്യം കർഷകരെ മാറ്റി ചിന്തിപ്പിച്ചു. കൊവിഡ് കാലത്ത് സുധീഷും, അഭിരാജും കൂൺകൃഷി ആരംഭിച്ചു. ഇന്ന് പ്രതിദിനം ഇരുപത് കിലോ വരെ വിളവ് ഇവർക്ക് ലഭിക്കുന്നുണ്ട്. മികച്ച കൃഷിയാണ് ഇതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പഴം, പച്ചക്കറി പോലെ സ്ഥിരം വിപണി ഇല്ലാത്തതാണ് ഇവരുടെ ആശങ്ക.ഇതിനൊരു പരിഹാരമായി ഇവർ കാണുന്നത് കർഷക ചന്തയും, വഴിയോര ചന്തയുമൊക്കെയാണ്. വിപണിയിൽ കുറച്ചു കൂടി മാറ്റം ഉണ്ടായാൽ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തി കൂൺകൃഷി വിപുലപെടുത്താനാണ് ഇവരുടെ ആഗ്രഹം.