ഉമർ ഖാലിദിന്റെ നിരീശ്വരവാദം മുഖംമൂടി മാത്രം; ഡൽഹി കലാപത്തിൽ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം

Wednesday 25 November 2020 4:48 PM IST

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ മുൻ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമ‍ർ ഖാലിദിനും ഷെർജിൽ ഇമാമിനെതിരെയും ഗുരുതര ആരോപണങ്ങളുമായി പുതിയ അനുബന്ധ കുറ്റപ്പത്രം. തീവ്രമുസ്ലീം സംഘടനകളെയും അതിതീവ്ര ഇടത് അരാജകവാദികളെയും കൂട്ട് പിടിച്ച് ഉമർ ഖാലിദ് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഉമർ ഖാലിദിന്റെ നീരിശ്വരവാദം മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്ലീം നിലപാടുളള വ്യക്തിയാണ് ഖാലിദെന്നും കുറ്റപത്രത്തിൽ പറയുന്നു. അക്രമരാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുസ്ലീം രാഷ്ട്ര നി‍ർമ്മാണത്തിന് ശ്രമിച്ചു. മുസ്ലീം ആഭിമുഖ്യ ഗ്രൂപ്പുകൾ, തീവ്ര സംഘടനകൾ, ഇടത് അരാജകവാദികൾ എന്നിവരെ കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾ പൊലീസ് ഉമർ ഖാലിദിന് നേരെ ആരോപിക്കുന്നു.

ഷർജീൽ ഇമാമിനെ പ്രഹരശേഷിയുളള സൂത്രധാരനെന്നാണ് കുറ്റപത്രത്തിൽ പൊലീസ് വിളിച്ചിരിക്കുന്നത്. ഡൽഹി കലാപത്തിലെ വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങൾ നേരത്തെ പൊലീസ് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉമർ ഖാലിദ്, ഷർജിൽ ഇമാം, ഫെയിസ് ഖാൻ ഉൾപ്പടെ മൂന്നു പേരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപ്പത്രം പൊലീസ് സമർപ്പിച്ചത്.

ഷാഹീൻ ബാഗിൽ അടക്കം റോഡ് ഉപരോധിച്ചുളള സമരത്തിന് പിന്നിൽ ഷർജിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പലയിടങ്ങളിലും പൗരത്വ ഭേദതഗതിക്കെതിരെയുളള സമരങ്ങൾക്ക് ഷർജിൽ ചുക്കാൻ പിടിച്ചെന്നും പിന്നീട് ഈ സമരങ്ങളെ ആക്രമാസക്തമാക്കിയെന്നും കുറ്റപത്രം ആരോപിക്കുന്നുണ്ട്.

പൊലീസ് നേരത്തെ സമർപ്പിച്ച കുറ്റപത്രങ്ങളിൽ പേര് പരാമർശിച്ചിട്ടുളള യോഗേന്ദ്ര യാദവ്, ഹർഷ് മന്ദർ അടക്കമുളളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഇവർ വിളിച്ചു ചേർത്ത യോഗങ്ങളുടെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. അതേസമയം, കലാപ കേസിൽ പ്രതിയായ മുൻ ആംആദ്മി കൗൺസിലർ താഹീർ ഹുസൈന്റെ ജാമ്യപക്ഷേയിൽ കോടതി പൊലീസിന് നോട്ടീസ് അയച്ചു.