അബുദാബിയുടെ അക്ഷരത്തെറ്റ് മായുന്നു, മിനപ്ലാസ നാളെ രാവിലെ തകർക്കും
അബുദാബി: അബുദാബിയിലെ മിന പ്ലാസ ടവർ ബ്ലോക്കുകൾ ഇനി നിലം പൊത്താൻ മണിക്കൂറുകൾ മാത്രം ബാക്കി.അബുദാബിയിലെ സുപ്രധാന തുറമുഖ നഗരമായ മിന സായിദിലെ 144 നിലകളുള്ള മിന പ്ലാസ കെട്ടിട സമുച്ചയങ്ങൾ നാളെ രാവിലെ എട്ടുമണിക്ക് ബോംബ് വച്ച് തകർക്കും.
വെറും 10 സെക്കൻഡുകൾക്കുള്ളിൽ നാല് കൂറ്റൻ ടവറുകൾ നിലംപൊത്തും. ഇതിന്റെ റിഹേഴ്‌സൽ നേരത്തേ പൂർത്തിയാക്കി. മനുഷ്യർക്കോ പ്രകൃതിക്കോ ഒരു അപകടവും ഉണ്ടാക്കാത്ത വിധം മിന പ്ലാസ ടവറുകൾ പൊളിക്കുന്നതിനുള്ള എല്ലാ മുൻ കരുതലുകളും അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ടവറുകൾ തകർക്കുന്നതിന്റെ ഭാഗമായി ഇന്നും, നാളെയും മിന സായിദിലെ കടകളെല്ലാം താത്ക്കാലികമായി അടച്ചിടാൻ ബന്ധപ്പെട്ടവർ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണിത്.
അറിയാം മിന പ്ലാസയെക്കുറിച്ച്
മനോഹര സൗധങ്ങളാൽ അലങ്കൃതമായ അബുദാബിയുടെ ഭംഗി നഷ്ടപ്പെടുത്തുന്ന കെട്ടിടങ്ങളാണ് മിന പ്ലാസ.
2007ൽ നിർമ്മാണം തുടങ്ങിയ ടവർ ബ്ലോക്കുകൾ പാതിവഴിയിൽ വച്ച് ഉപേക്ഷിക്കപ്പെടുകയായിരുന്നു. 2.5 ലക്ഷത്തോളം ചതുരശ്ര മീറ്ററിൽ ആഢംബര സൗകര്യങ്ങളോടെയുള്ള അപ്പാർട്ട്‌മെന്റ് ടവറുകൾ, ഓഫീസ് ബ്ലോക്ക് തുടങ്ങിയവ നിർമ്മിക്കാനായിരുന്നു പദ്ധതി.
അഞ്ചു വർഷത്തോളം നിർമ്മാണ പ്രവൃത്തികൾ തകൃതിയായി നടന്നെങ്കിലും പദ്ധതി ഉടമസ്ഥരും നിർമ്മാതാക്കളും തമ്മിലുള്ള തർക്കത്തെ തുടർന്ന് 2012 നവംബറിൽ നിർമ്മാണം നിറുത്തിവയ്ക്കുകയായിരുന്നു. 2014ൽ നിർമ്മാണം പുനഃരാരംഭിച്ചെങ്കിലും വീണ്ടും നിലച്ചു. 2015ൽ നിർമ്മാണ കരാർ ഏറ്റെടുത്തിരുന്ന മലേഷ്യൻ കമ്പനി പ്രൊജക്ടിൽ നിന്ന് പിന്മാറി. തുടർന്ന്, ഏറെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അബുദാബി നഗര വികസന പദ്ധതിയുടെ രണ്ടാം ഘട്ടമായി ഈ അപൂർണമായ പഴയ ടവറുകൾ പൊളിച്ച് മാറ്റാൻ തീരുമാനിച്ചു.
ടൂറിസ്റ്റ് കേന്ദ്രമാകാനൊരുങ്ങി മിനാ സായിദ്
മിനാ സായിദ് ആകർഷകമായ വ്യാപാര - ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. 30 ലക്ഷം ചതുരശ്ര മീറ്ററിലാണ് ഇവിടെ പുതിയ വ്യാപാര കേന്ദ്രം ഒരുങ്ങുന്നത്. കടലിനോട് ചേർന്നു കിടക്കുന്ന 15 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശം വികസിപ്പിക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത് അൽദാർ പ്രോപ്പർട്ടീസിനാണ്.