ഫഹദിന്റെ ജോജിയിൽ ബാബുരാജും ഷമ്മിയും

Thursday 26 November 2020 5:47 AM IST

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയിൽ ബാബുരാജും ഷമ്മി തിലകനും പ്രധാന വേഷത്തിൽ എത്തുന്നു. എരുമേലിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഉണ്ണിമായ പ്രസാദാണ് മറ്റൊരു താരം. ഫഹദും ബാബുരാജും ഷമ്മിതിലകനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ഡിസംബർ 30 വരെ ചിത്രീകരണം ഉണ്ടാകും.മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ സൂപ്പർഹിറ്റുകൾക്കുശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ഇൗ ചി​ത്രത്തി​ന് ശ്യാം പുഷ്കരനാണ് തിരക്കഥ എഴുതുന്നത്. ഷേക് സ് പിയറിന്റെ മാക് ബത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന ചി​ത്രം നി​ർമ്മി​ക്കുന്നത് ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം- ഷൈജു ഖാലിദ്.