പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്‌ക്ക് സ്ഥാനചലനം

Thursday 26 November 2020 12:56 AM IST

ന്യൂഡൽഹി: പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിനായി പാർലമെന്റിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമയ്ക്ക് താത്കാലിക മാറ്റം. പുതിയ മന്ദിരം പൂർത്തിയായ ശേഷം ഉചിതമായ സ്ഥലത്ത് പ്രതിമ വീണ്ടും സ്ഥാപിക്കും. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ അടക്കം അഞ്ച് പ്രതിമകൾക്കാണ് സ്ഥാനചലനം.

തൃകോണാകൃതിയിൽ രൂപകൽപന ചെയ്‌ത പുതിയ മന്ദിരം പഴയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് നിർമ്മിക്കുന്നത്. അതിനാൽ പാർലമെന്റിന്റെ ഒന്നാം ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ഗാന്ധി പ്രതിമ മാറ്റേണ്ടത് അനിവാര്യമായി. രാംസുതാർ എന്ന ശിൽപി 16 അടി വലിപ്പത്തിൽ ഓടു കൊണ്ട് നിർമ്മിച്ച പ്രതിമ 1993ൽ അന്നത്തെ രാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ്മയാണ് അനാവരണം ചെയ്‌തത്. പാർലമെന്റ് വളപ്പിലെ പ്രധാന ആകർഷണമായ പ്രതിമയ്‌ക്കു മുന്നിലാണ് രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നത്.

അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാനം അടുത്തമാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പാർലമെന്റ് മന്ദിരം, രാഷ്‌ട്രപതി ഭവൻ, സൗത്ത്- നോർത്ത് ബ്ളോക്കുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഇടം മുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്ന വിപുലമായ സെൻട്രൽ വിസ്‌ത പദ്ധതിയു‌ടെ ഭാഗമായാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്.