അഹമ്മദ് പട്ടേൽ അന്തരിച്ചു

Wednesday 25 November 2020 6:24 PM IST

ന്യൂഡൽഹി: കോൺഗ്രസിന്റെ രാഷ്‌ട്രീയ തന്ത്രജ്ഞനും പാർട്ടിയുടെ മതേതര മുഖവുമായിരുന്ന മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. സോണിയാഗാന്ധിയുടെ പൊളി​റ്റി​ക്കൽ സെക്രട്ടറി​ എന്ന നിലയിൽ പാർട്ടിയിലെ നിർണായക ശക്തിയായി മാറിയ അദ്ദേഹം മൂന്നു തവണ ലോക്‌സഭാംഗവും അഞ്ചു തവണ രാജ്യസഭാംഗവുമായിരുന്നു. നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

ഒക്ടോബർ ഒന്നിന് കൊവിഡ് ബാധിതനായി. തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവയവങ്ങളുടെ പ്രവർത്തനം മോശമായതോടെ ഇന്നലെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. പൊതുദർശനം ഒഴിവാക്കി ഗുജറാത്തിലെ ബറൂച്ചിലാണ് സംസ്‌കാരം. ഭാര്യ: മെഹ്‌മൂന അഹമ്മദ്. മക്കൾ: ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ.

ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. 2004-2014 കാലഘട്ടത്തിൽ പാർട്ടിയിലെ വിരുദ്ധ ചേരികൾ തമ്മിലുള്ള പ്രശ്നങ്ങൾക്കും മൻമോഹൻ സിംഗ് നേതൃത്വം നൽകിയ യു.പി.എ സർക്കാരിൽ ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിൽ നിർണായക പങ്കുവഹിച്ചു. മന്ത്രിയാകാൻ ക്ഷണമുണ്ടായിട്ടും

സ്വീകരിക്കാതെ സംഘടനാ തലത്തിൽ തുടർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. 2017ൽ ബി.ജെ.പി തന്ത്രങ്ങൾ അതിജീവിച്ചാണ് ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രാഷ്ട്രീയ പദവികൾ

1977-1989 ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് ലോക്‌സഭാംഗം

1993-മുതൽ രാജ്യസഭാംഗം

1985- പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറി, എ.ഐ.സി.സി ജനറൽ സെക്രട്ടറി

1986- ഗുജറാത്ത് പി.സി.സി അദ്ധ്യക്ഷൻ

1992- കോൺഗ്രസ് പ്രവർത്തകസമിതി അംഗം

2001-2017 സോണിയാ ഗാന്ധിയുടെ പൊളി​റ്റി​ക്കൽ സെക്രട്ടറി​

2018-എ.ഐ.സി.സി ട്രഷറർ