24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

Wednesday 25 November 2020 6:28 PM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്നലെ അർദ്ധരാത്രി ആരംഭിച്ചു. തൊഴിൽ കോഡ് പിൻവലിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക, എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ദേശീയ സംഘടനകളും ബാങ്ക്, ഇൻഷ്വറൻസ്, റെയിൽവേ, കേന്ദ്ര, സംസ്ഥാന ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബി.എം.എസ് പണിമുടക്കിലില്ല.

സംസ്ഥാനത്ത് പണിമുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിക്കാനാണ് സാദ്ധ്യത. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രി, പാൽ, പത്രം എന്നിവയെയും ഒഴിവാക്കി. കെ.എസ്.ആർ.ടി.സി, ടാക്‌സി, ഓട്ടോ സർവീസുകളുണ്ടാകില്ല. കടകൾ അടഞ്ഞുകിടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കും.