കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍

Wednesday 25 November 2020 7:26 PM IST

ഗുരുഗ്രാം: കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗം ചെയ്ത യുവാവ് പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 19കാരനായ പ്രതിയെ ചൊവാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസിയായ യുവാവാണ് 14കാരിയെ മാനഭംഗം ചെയ്തത്.

പെൺകുട്ടി പലതവണ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്ന പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലമാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. നവംബര്‍ ആറിനാണ് പ്രതി ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി മാനഭംഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്നും ആരെങ്കിലും പീഡനവിവരമറിഞ്ഞാല്‍ വീട്ടുകാരെ വകവരുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

ഭയം മൂലം വിവരം പുറത്തു പറയാത്ത സാഹചര്യം മുതലെടുത്ത് പ്രതി വീണ്ടും മാനഭംഗം ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരി വിവരങ്ങള്‍ ചോദിച്ചതോടെ പെണ്‍കുട്ടി പീഡനവിവരം വ്യക്തമാക്കുകയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കുടുംബം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.