മൈക്കൽ ഫ്ലിന്നിന് മാപ്പ് നൽകി ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദവിയൊഴിയാൻ ഇനി കുറച്ച് നാൾ കൂടി മാത്രം ശേഷിക്കേ, തന്റെ ആദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജനറൽ മൈക്കൽ ഫ്ലിന്നിനുമേൽ ചുമത്തിയിരുന്ന കുറ്റങ്ങൾ ഒഴിവാക്കി മാപ്പു നൽകി ഡൊണാൾഡ് ട്രംപ്. ഇക്കാര്യം സംബന്ധിച്ച് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് മാപ്പു നൽകുന്നതോടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമാകുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കൽ 23 ദിവസം മാത്രമാണു ജോലിയിലിരുന്നത്.
റഷ്യൻ ബന്ധത്തെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ്, റഷ്യൻ ഉദ്യോഗസ്ഥരുമായി ഫ്ലിൻ സമ്പർക്കം പുലർത്തിയിരുന്നുവെന്ന ആരോപണത്തെപ്പറ്റി എഫ്.ബി.ഐ തലവൻ ജെയിംസ് കോമി അനേഷിച്ചിരുന്നു. അന്വേഷണം അവസാനിപ്പിക്കാൻ ട്രംപ് കോമിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. തുടർന്ന് കോമിയെ പുറത്താക്കി. എന്നാൽ, പിന്നീട് റോബർട്ട് മുള്ളറുടെ അന്വേഷണത്തിൽ ഫ്ലിൻ കുടുങ്ങി. ട്രംപ് സ്ഥാനം ഏൽക്കുന്നതിനു മുമ്പുള്ള ഇടവേളയിൽ ഫ്ലിൻ റഷ്യക്കാരുമായി സമ്പർക്കം പുലർത്തിയെന്നും അത് എഫ്.ബി.ഐയിൽ നിന്ന് മറച്ചുപിടിച്ചെന്നും മുള്ളറുടെ അന്വേഷണത്തിൽ തെളിഞ്ഞു. റഷ്യൻ അംബാസഡറുമായി 2016 ഡിസംബറിൽ നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ എഫ്.ബി.ഐയിൽ നിന്നു മറച്ചുവച്ചെന്നായിരുന്നു പ്രധാന ആരോപണം.
ഫ്ലിൻ കുറ്റക്കാരനെന്നു വിധിക്കപ്പെടുകയും ചെയ്തിരുന്നു. ഒബാമയുടെ കാലത്തെ ഉദ്യോഗസ്ഥവൃന്ദത്തോടു ട്രംപ് നടത്തിയ പോരാട്ടത്തിന് തന്നെ അവർ ബലിയാടാക്കിയതാണെന്ന് ഫ്ലിൻ പിന്നീടു പറഞ്ഞിരുന്നു.
ഫ്ലിന്നിനെതിരെ കോടതിയിലുള്ള കേസ് അവസാനിപ്പിക്കാനുള്ള നീക്കം നീതിന്യായ വകുപ്പും തുടരുന്നുണ്ട്.