ഭീകര ഫണ്ടിംഗ് : തൂത്തുക്കുടി കടലിൽ വൻ ലഹരിവേട്ട, പാകിസ്ഥാൻ അയച്ച 500 കോടിയുടെ ഹെറോയിൻ പിടിച്ചു
ചെന്നൈ: ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കാൻ പാകിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളിലേക്ക് അയച്ച നൂറ് കിലോ അഫ്ഗാൻ ഹെറോയിൻ ഉൾപ്പെടെ വൻ മയക്കുമരുന്നു ശേഖരവുമായി എത്തിയ ശ്രീലങ്കൻ ബോട്ട് തൂത്തുക്കുടി കടലിൽ കോസ്റ്റ് ഗാർഡ് പിടികൂടി. ബോട്ടിൽ ഒഴിഞ്ഞ ഇന്ധനടാങ്കിൽ സൂക്ഷിച്ചിരുന്ന 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടി സിന്തറ്റിക് ഡ്രഗും അഞ്ച് 9 എം.എം. പിസ്റ്റലുകളും യു.എ.ഇയിലെ തുരായ കമ്പനിയുടെ സാറ്റലൈറ്റ് ഫോണും പിടിച്ചെടുത്തു. ഹെറോയിന് 500 കോടി രൂപ വിലവരും.
ബോട്ട് ജീവനക്കാരായ ആറ് ശ്രീലങ്കൻ പൗരന്മാരെ അറസ്റ്റ് ചെയ്‌തു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്. പാകിസ്ഥാനിൽ നിന്ന് എത്തിയ ഒരു പായവഞ്ചിയിൽ നിന്ന് കടലിൽ വച്ച് ബോട്ടിലേക്ക് മയക്കുമരുന്നുകൾ മാറ്റിയതാണെന്ന് ഇവർ വെളിപ്പെടുത്തി. മയക്കുമരുന്ന് ഇന്ത്യയിൽ എത്തിച്ച് ആസ്‌ട്രേലിയയിലേക്കും മറ്റും കടത്തുകയായിരുന്നു ലക്ഷ്യം. പാകിസ്ഥാനിൽ ഉന്നത ബന്ധങ്ങളുള്ള അന്താരാഷ്‌ട്ര ലഹരിക്കടത്തുകാരനാണ് പിന്നിലെന്ന് കരുതുന്നു. ഷേനായ ദുവ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ശ്രീലങ്കയിലെ നെഗോംബോ സ്വദേശികളായ അലൻസു കുട്ടിഗെ സിൻഹ, ദീപ്‌ത സാനി ഫെർനാൻഡോ എന്നിവരാണ് ബോട്ടിന്റെ ഉടമകൾ.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ പാകിസ്ഥാനിലെ ഉറവിടവും തമിഴ്നാട്ടിൽ ആരാണ് അത് ഏറ്റുവാങ്ങാനിരുന്നതെന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.
ഓപ്പറേഷൻ ഇങ്ങനെ
കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള ഏജൻസികൾ ഒൻപത് ദിവസം നീണ്ട ഓപ്പറേഷനിലാണ് ഹെറോയിൻ കടത്ത് തകർത്തത്. തൂത്തുക്കുടി കടലിൽ സാറ്റ്ലൈറ്റ് ഫോൺ ഉപയോഗിക്കുന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് ഈ മാസം 17നാണ് തെരച്ചിൽ തുടങ്ങിയത്. കോസ്റ്റ് ഗാർഡ് കപ്പലുകളായ വൈഭവ്, വിക്രം, സമാർ, അഭിനവ്, ആദേശ് എന്നിവയും ഒരു ഡോർണിയർ വിമാനവും ഓപ്പറേഷനിൽ പങ്കെടുത്തു. ബുധനാഴ്ച രാത്രി തൂത്തുക്കുടി കടലിൽ ബോട്ടിനെ വൈഭവ് കപ്പൽ തടയുകയായിരുന്നു.