വിജിലൻസ് അന്വേഷണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്: മുല്ലപ്പള്ളി

Friday 27 November 2020 12:45 AM IST

തിരുവനന്തപുരം: പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ വിജിലൻസ് അന്വേഷണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയും സി.പി.എം നേതാക്കളുമായതിനാലാണ് പിണറായി സർക്കാർ പ്രതിപക്ഷനേതാക്കളെ സ്വഭാവഹത്യ ചെയ്യാൻ ശ്രമിക്കുന്നത്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും.

മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ്. രവീന്ദ്രനെ ചോദ്യം ചെയ്‌താൽ മുഖ്യമന്ത്രിയും കുടുംബവും ജയിലിൽ പോകേണ്ടിവരും. സി.എം. രവീന്ദ്രന്റെ രോഗാവസ്ഥയെപ്പറ്റി നിഷ്പക്ഷരായ വിദഗ്ദ്ധ ആരോഗ്യസംഘം അന്വേഷിക്കണം. സ്വർണക്കടത്തന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർത്ത് അസ്ഥിരപ്പെടുത്താനുമാണ് സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുന്നു. ഏജൻസികളെ സ്വതന്ത്രവും നിർഭയവുമായി കേസന്വേഷിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കണം. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം ദുരൂഹമാണ്.

അഖിലേന്ത്യാ ബി.ജെ.പി നേതൃത്വവുമായി സി.പി.എം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിപ്പോൾ സ്വർണക്കടത്തിൽ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഒത്തുകളിയില്ലെങ്കിൽ തന്റെ ആരോപണത്തിന്

ബി.ജെ.പി കേന്ദ്രനേതൃത്വം മറുപടി നൽകണം. കർഷകരുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.