കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളികൾ ആളിക്കത്തി പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ രാജ്യവ്യാപക പ്രതിഷേധമുയർത്തി തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. പത്തു തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്കിൽ വിവിധ സംസ്ഥാനങ്ങളിൽ 25 കോടിയിലേറെ തൊഴിലാളികൾ പങ്കെടുത്തതായി നേതാക്കൾ അറിയിച്ചു. ട്രേഡ് യൂണിയനുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപാർട്ടികളും കർഷക സംഘടനകളും രംഗത്തിറങ്ങിയതോടെ പശ്ചിമബംഗാൾ, തമിഴ്നാട്, ത്രിപുര, ഒഡിഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനജീവിതത്തെ ബാധിച്ചു. പൊതു, സ്വകാര്യ ബസ് സർവീസുകളെയും ട്രെയിൻ സർവീസുകളെയും ബാധിച്ചു. ബാങ്കിംഗ് മേഖലയിലെ ചില സംഘടനകൾ പണിമുടക്കിനെ പിന്തുണച്ചതിനാൽ പൊതുമേഖലാ ബാങ്കുകളുടെയും പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. ഡൽഹിയിൽ കിസാൻസഭ നേതാവ് പി. കൃഷ്ണപ്രസാദ്, എസ്.എഫ്.ഐ നേതാക്കളായ മയൂഖ് ബിശ്വാസ്, ഐഷി ഘോഷ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ഡൽഹി പാർലമെന്റ് സ്ട്രീറ്റിൽ നടന്ന പ്രതിഷേധത്തിൽ തപൻസെൻ (സി.ഐ.ടി.യു), അശോക് സിംഗ് (ഐ.എൻ.ടി.യു.സി), അമർജീത്ത് കൗർ (എ.ഐ.ടി.യു.സി), ഹർഭജൻസിംഗ് സിദ്ദു (എച്ച് . എം.എസ്) തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കർണാടക, തെലങ്കാന, പഞ്ചാബ്, മഹാരാഷ്ട്ര, ഡൽഹി വ്യവസായ മേഖലകളിലും കൊൽക്കത്ത, ചെന്നൈ, തൂത്തുക്കുടി, വിശാഖപട്ടണം, പാരാദ്വീപ് തുറമുഖങ്ങളിലും സമരം സാരമായി ബാധിച്ചു. അസംഘടിത മേഖലകളിലെ തൊഴിലാളികളും സമരത്തിന്റെ ഭാഗമായി. ബംഗാളിൽ കൊൽക്കത്തയിലടക്കം വിവിധയിടങ്ങളിൽ ഇടത് പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ത്രിപുരയിൽ ട്രേഡ് യൂണിയൻ സമരം ഭാഗികമായിരുന്നു. ഒഡീഷയിലെ ഭുവനേശ്വർ, കട്ടക്ക്, ബാലസോർ, റൂർക്കല തുടങ്ങിയ സ്ഥലങ്ങളിലും മഹാരാഷ്ട്രയിൽ പാൽഘർ അടക്കമുള്ള മേഖലകളിലും സമരം ശക്തമായിരുന്നു.സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങി 10 കേന്ദ്ര തൊഴിലാളി യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്ത്. ബി.എം.എസ് വിട്ടുനിന്നു. രാജ്യത്ത് നിലവിലുണ്ടായിരുന്ന 44 തൊഴിൽ നിയമങ്ങളെ നാലു തൊഴിൽ കോഡുകളാക്കിയ മാറ്റിയ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിലുറപ്പ് ദിനങ്ങൾ ഉയർത്തുക തുടങ്ങി ഏഴ് ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.