കെ -റെയിലിനെതിരെ ശാസ്ത്ര പരിഷത്തും
കൊച്ചി: കെ-റെയിൽ പാതയ്ക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്തും രംഗത്ത്. സി.പി.എം അണികളിലും ബഹുജന സംഘടനകളിലും പ്രത്യയശാസ്ത്രപരമായി സ്വാധീനമുള്ള പരിഷത്ത് കെ-റെയിൽ പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്. പദ്ധതിയെച്ചൊല്ലി പുതിയ വിവാദമുയർന്ന സാഹചര്യത്തിൽ ഇത് ശ്രദ്ധേയമാകും.
കേരളത്തിൽ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിനും സമാന്തര ലൈനിനും ഇലക്ട്രോണിക് സിഗ്നലിനും വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് പരിഷത്ത് അഭിപ്രായപ്പെടുന്നു. പദ്ധതിയുടെ ഏക ലക്ഷ്യം നാലു മണിക്കൂർ കൊണ്ട് കാസർകോട്ടു നിന്ന് തിരുവനന്തപുരത്ത് എത്തുകയെന്നതാണ്. കെ-റെയിലിന്റേത് സ്റ്റാന്റേർഡ് ഗേജാണ്. പുറത്തുനിന്ന് വരുന്ന ട്രെയിനുകൾക്ക് പാത ഉപയോഗിക്കാനാവില്ലെന്ന ന്യൂനതയുമുണ്ട്.
പാരിസ്ഥിതിക
പ്രശ്നം
തിരുവനന്തപുരം മുതൽ തിരൂർ വരെയും തിരൂർ മുതൽ കാസർകോട് വരെയും പാതയ്ക്ക് വേണ്ടി 15 മുതൽ 25 മീറ്റർ വരെ വീതിയിൽ ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്താനാണ് ശ്രമം. ഇത് നെൽപ്പാടങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും ഇടനാടൻ കുന്നുകളുടെയും വലിയ തോതിലുളള നാശത്തിന് കാരണമാകും. 532 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ അഞ്ചിലൊന്ന് ഭാഗവും പാലങ്ങളും തുരങ്കങ്ങളുമാണ്.