പണിമുടക്കിൽ സ്‌കൂട്ടറുമായി മന്ത്രി കടകംപള്ളി

Friday 27 November 2020 12:03 AM IST

തിരുവനന്തപുരം: പണിമുടക്ക് ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പഴയ സ്‌കൂട്ടർ പൊടിതട്ടിയെടുത്തു. സമരവേദികളിൽ നിന്ന് സമരയിടങ്ങളിലേക്കും പാർട്ടി ഒാഫീസിലേക്കുമെല്ലാം മന്ത്രി പറന്നത് അദ്ദേഹത്തിന്റെ ഹോണ്ട ആക്ടീവയിലാണ്. സാധാരണ ബന്തും ഹർത്താലുമുണ്ടാകുമ്പോൾ മന്ത്രിമാർ ആരുടെയെങ്കിലും ബൈക്കിന്റെ പിൻ സീറ്റിൽ യാത്രചെയ്യാറുണ്ട്. എന്നാൽ മന്ത്രി കടകംപള്ളി സ്കൂട്ടർ ഒാടിച്ചാണ് ശ്രദ്ധേയനായത്.

പരിവാരങ്ങളും പൈലറ്റുമൊന്നുമില്ലാതെ പഴയ പാർട്ടി നേതാവ് കാലത്തെ ഓർമ്മിപ്പിച്ച് സ്‌കൂട്ടറിൽ കിഴക്കേകോട്ടയിലെ പൊതുപണിമുടക്കിന്റെ ഉദ്ഘാടന വേദിയിലെത്തി. അവിടെ നിന്ന് പി.എം.ജിയിലേക്ക്. പിന്നീട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. തദ്ദേശതിരഞ്ഞെടുപ്പിന്റെ അവലോകനയോഗത്തിൽ പങ്കെടുക്കാൻ. അതും പൂർത്തിയാക്കിയാണ് മന്ത്രിമന്ദിരത്തിലേക്ക് മടങ്ങിയത്.

സി.പി.എം. ജില്ലാസെക്രട്ടറിയായിരുന്നപ്പോൾ കടകംപള്ളി സുരേന്ദ്രൻ സിറ്റിയിൽ പറന്ന് നടന്നത് ഇൗ സ്കൂട്ടറിലായിരുന്നു.