സ്​റ്റാൻ സ്വാമിക്ക് ​സ്​ട്രോ നൽകുന്നതിൽ തീരുമാനമായില്ല

Friday 27 November 2020 12:29 AM IST

ന്യൂഡൽഹി : മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് കുടിക്കാനായി സ്‌ട്രോ നൽകുന്നതിൽ തീരുമാനമായില്ല. പാർക്കിൻസൺ രോഗബാധിതനായ സ്റ്റാൻ സ്വാമി ജയിലിൽ വെള്ളം കുടിക്കാൻ സ്‌ട്രോയും മഞ്ഞുകാലത്ത് ഉപയോഗിക്കാൻ വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

ഇതുമായി ബന്ധപ്പെട്ട് എൻ.ഐ.എ ഇന്ന് കോടതിയിൽ മറുപടി നൽകി. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന ഒന്നും എൻ.ഐ.എ എടുത്തിരുന്നില്ല. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സ്റ്റാൻ സ്വാമി സ്ട്രോയ്ക്കായി ജയിൽ അധികൃതരെയാണ് സമീപിക്കേണ്ടതെന്ന് കോടതി ഉത്തരവിട്ടു.

ഇതേതുടർന്ന് സ്റ്റാൻ സ്വാമി പുതിയ അപേക്ഷ നൽകി. അപേക്ഷയിൽ ജയിൽ അധികൃതരുടെ അഭിപ്രായം തേടിയതിന് ശേഷമാവും കോടതി തീരുമാനമെടുക്കുക. ഡിസംബർ നാലിനായിരിക്കും സ്റ്റാൻ സ്വാമിയുടെ അപേക്ഷ കോടതി പരിഗണിക്കുക.

ഭീമകൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ വീട്ടിൽ നിന്ന് ഒക്‌ടോബർ എട്ടിനാണ് സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 20 ദിവസത്തിന് ശേഷം സ്‌ട്രോ ചോദിച്ച് സ്വാമി കോടതിയെ സമീപിക്കുകയായിരുന്നു.