ഇത് വനമല്ല, റെയിൽവേ സ്റ്റേഷൻ.....
വർക്കല: കൊവിഡ് പ്രതിസന്ധിയിൽ ട്രെയിനുകളുടെ ഓട്ടം നിലച്ചതിനെ തുടർന്ന് വർക്കല പരിധിയിലെ വിവിധ റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ കാട് കയറിയ നിലയിൽ. ലോക്ക് ഡൗണിൽ ഇളവ് വന്നതിനുശേഷം ചില ട്രെയിനുകൾ ഘട്ടംഘട്ടമായി ഓടി തുടങ്ങുമ്പോഴും റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ കാടുകയറിയ നിലയിലാണ്.
തിരുവനന്തപുരം കൊല്ലം പാതയിൽ പാസഞ്ചർ ട്രെയിനുകൾ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുടെ ആശ്രയമായ ഇടവ, കാപ്പിൽ, അകത്തുമുറി, സ്റ്റേഷനുകൾ ആളനക്കം ഇല്ലാതെ തുടരുകയാണ്. ഒട്ടുമിക്ക റെയിൽവേ പ്ലാറ്റ് ഫോമുകളിലും ഇഴജന്തുക്കൾക്ക് പുറമേ മുള്ളൻ പന്നികളുടെയും, കീരിയുടെയും ശല്യം വർദ്ധിച്ചതായി പരിസരവാസികൾ പറയുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിൽ കാടുമൂടിയ പ്ലാറ്റ്ഫോമിലൂടെ ആളുകൾ ട്രാക്ക് കടക്കുന്നതും നടന്നു പോകുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
വർക്കല മേഖലയിലെ 5 ലെവൽ ക്രോസുകളിൽ പാകിയിട്ടുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇളകിയ നിലയിലാണ്.
ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെയുള്ളവർ റെയിൽവേ ക്രോസ് കടക്കുമ്പോൾ അപകടത്തിൽ പെടുന്നതും പതിവാണ്. രാത്രികാലങ്ങളിൽ അപകടത്തിന്റെ ഗ്രാഫ് കുത്തനെ വർദ്ധിക്കുകയാണ്. ഏറെ തിരക്കുള്ള സമയങ്ങളിൽ റെയിൽവേ ലെവൽ ക്രോസുകൾ കടന്ന് പോകുന്ന അവസരത്തിൽ സ്ത്രീകൾ ഉൾപ്പെടെ സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേൽക്കുന്നതും പതിവാണ്. റെയിൽവേ ലെവൽക്രോസുകളുടെ ഭാഗങ്ങളിലും കാട്ടുചെടികൾ കാഴ്ച മറയ്ക്കുംവിധം പടർന്നു നിൽക്കുകയാണ്. ഇക്കാര്യങ്ങളിൽ റെയിൽവേ സേഫ്റ്റി വിഭാഗം പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് പൊതുജനാഭിപ്രായം.
ട്രെയിനിലും കാട്
വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശം ഏകദേശം ഒരു കിലോമീറ്റർ ദൂരപരിധിയിൽ റെയിൽവേയുടെ ഭൂമി ഇപ്പോൾ കൊടുംകാടായി മാറിയിട്ടുണ്ട്. മാത്രവുമല്ല മാസങ്ങളായി മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിറുത്തിയിട്ടിരിക്കുന്ന ട്രെയിനിലും കാട്ടുചെടികൾ പടർന്നു പന്തലിച്ചിട്ടുണ്ട്.