ആ മണ്ഡലം കണ്ടാരും ഇനി പനിക്കേണ്ട!

Friday 27 November 2020 1:11 AM IST

തിരുവനന്തപുരം: വടക്കു നിന്ന് ഒരു നേതാവ് പൊടുന്നനെ തലസ്ഥാനത്ത് എത്തി പ്രചാരണം തുടങ്ങിയതുകണ്ട് ഞെട്ടിയിരിക്കുകയാണ് മറ്റ് ചില നേതാക്കൾ. വടക്ക് പാർട്ടി സ്ഥാനാർത്ഥികൾക്കിടയിൽ തന്നെ ചില്ലറ പുകിലുകളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ സോൾവ് ചെയ്യുന്നതിന് പകരം തലസ്ഥാനത്ത് ലാൻ‌ഡ് ചെയ്തതിനു പിന്നിൽ ചെറുതല്ലാത്ത ലക്ഷ്യങ്ങളുണ്ടെന്നാണ് സംസാരം. രാഷ്ട്രീയ ചതുരംഗത്തിൽ ഏതു കരു ഏത് സമയത്ത് നീക്കി കളിക്കണമന്ന് ഈ നേതാവിന് കൃത്യമായിട്ടറിയാം.

മുമ്പ് അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് കൊവിഡ് കാലമായിട്ടും നേരിട്ടിറങ്ങിയുള്ള പ്രചാരണം. നഗരസഭാ സ്ഥാനാർത്ഥികൾക്കു വോട്ടു ചോദിക്കുന്നതോടൊപ്പം ആസന്നഭാവിയിൽ തനിക്കുള്ള വോട്ടുറപ്പിക്കൽ തന്ത്രം കൂടി പയറ്റുകയാണെന്നാണ് അസൂയക്കാർ പറയുന്നത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഈ നേതാവിനും താത്പര്യമുണ്ടത്രേ. അതിനായി ഇപ്പോഴത്തെ കസേര വലിച്ചെറിയും. ജയിച്ചാൽ മന്ത്രി കസേര ഉറപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ഇതിനു കാരണമെന്നും കിംവദന്തി പരക്കുന്നു.

അതോടെ ആ സീറ്റിനു വേണ്ടി ഉടുപ്പു തയ്പ്പിക്കാനിരുന്നവരൊക്കെ കടുത്ത നിരാശയിലാണ്. അല്ലേലും ഈ പാർട്ടിക്കാരിങ്ങനെയാ പാർട്ടിക്ക് പത്ത് വോട്ടു പിടിച്ചുകൊടുക്കാനെത്തിയതിനെ പോലും സംശയദൃഷ്ടിയോടെ കാണുന്നു എന്നാണ് നേതാവിന്റെ അനുഭാവികൾ പറയുന്നത്.

ഒരു പ്രമുഖ മുന്നണിയിലെ പ്രദേശിക നേതാവ് പകൽ പ്രവർത്തിക്കുന്ന പാർട്ടിയിലല്ല രാത്രിയിൽ പ്രവർത്തിക്കുന്നത് എന്ന് പാർട്ടി നേതൃത്വത്തിന് വിവരം കിട്ടി. മുമ്പു തന്നെ പാർട്ടിയിലെ ചില സംസ്ഥാന നേതാക്കൾക്കെതിരെ ഒളിയമ്പ് അയച്ചിട്ടുള്ള ഇദ്ദേഹത്തെ ഇപ്പോൾ യുവനേതാക്കൾ നോട്ടമിട്ടിട്ടുണ്ട്. തെളിവു സഹിതം നേതൃത്വത്തിന് പരാതി നൽകാനാണ് അവരുടെ നീക്കം.