അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ഹബ്ബാകാൻ വിഴിഞ്ഞം
കോവളം: വിഴിഞ്ഞത്തെ ഇന്റർനാഷണൽ ക്രൂ ചെയ്ഞ്ച് ആൻഡ് ആങ്കറിംഗ് ഹബ്ബായി ഡിസംബറിൽ പ്രഖ്യാപിക്കുന്നതാടെ സർക്കാർ സഹായത്തോടെ ഈ മേഖലയിലെ ബിസിനസ് ഏറ്റെടുക്കാൻ മാരിടൈം ബോർഡ്. അടുത്ത മാസം നൂറാമത്തെ കപ്പൽ എത്തുന്നതോടെയാണ് വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ആൻഡ് ആങ്കറിംഗ് ഹബ്ബായി മാറുന്നത്. ഇതോടെ പുതിയ തൊഴിലവസരങ്ങളും ലക്ഷക്കണക്കിന് ടൺ സംഭരണശേഷിയുള്ള കപ്പലുകളും വിഴിഞ്ഞത്തെ തേടിയെത്തും. കഴിഞ്ഞ മൂന്നര മാസത്തിനിടെ ലോകത്തിലെ പ്രമുഖ കപ്പലുകളുൾപ്പെടെ 87 കപ്പലുകളാണ് വിഴിഞ്ഞം തുറമുഖം വഴി ജീവനക്കാരെ മാറ്റിയെടുത്തത്. ഒരു കോടിയോളം രൂപയാണ് ഇതുവഴി സംസ്ഥാന സർക്കാരിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അനുബന്ധ കരാറുകളും തിരുവനന്തപുരത്തെത്തി.
കൊവിഡ് പ്രതിസന്ധിക്കിടയിലും പുതിയ അവസരങ്ങളുടെ വലിയ സാദ്ധ്യതയാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ്ങിലൂടെ നടപ്പാകുന്നത്. ക്രൂ ചെയ്ഞ്ചിംഗ് കൂടാതെ ചരക്കു കപ്പലിലേക്ക് ഭഷണസാധനങ്ങളും കുടിവെള്ളവുമെത്തിക്കുക, അറ്റകുറ്റപ്പണി നടത്തുക, സ്‌പെയർ പാർട്സ് എത്തിക്കുക, ഇന്ധനം നിറയ്ക്കുക, ടാങ്കറുകൾ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കുമുള്ള കേന്ദ്രമായി മാറാനുള്ള സാദ്ധ്യതയാണ് വിഴിഞ്ഞത്തിന് ലഭിച്ചിരിക്കുന്നത്.
മികച്ച വരുമാനം
ഒരു കപ്പൽ എത്ര ദിവസമാണോ തീരക്കടലിൽ ആങ്കറിംഗ് നടത്തുക അത്രയും വരുമാനം സംസ്ഥാനത്തിനുണ്ട്. ഒരു ദിവസം തന്നെ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കപ്പലുകൾ ഇത്തരത്തിൽ ഫീസായി സർക്കാരിന് നൽകും. ക്രൂ ചെയ്ഞ്ച് വിജയകരമാക്കാൻ കേരള മാരിടൈം ബോർഡും രംഗത്തുണ്ട്. ആദ്യഘട്ടത്തിൽ ടഗ് ഇല്ലാതെ മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ക്രൂ ചെയ്ഞ്ച് നടത്തിയത്. എന്നിട്ടും അന്താരാഷ്ട്ര തലത്തിലെ വമ്പൻ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് തുടരാൻ താത്പര്യം കാണിച്ചു.